വെഞ്ഞാറമൂട്: പിരപ്പൻകോടിന് സമീപം പൊലീസ് ജീപ്പിടിച്ച് രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്. ഇന്നലെ രാവിലെ 10ഓടെയാണ് അപകടം. കുതിരകുളം അമീർ കോട്ടേജിൽ അൽ അമീൻ (24), കുതിരകുളം ഇരങ്ങയിൽ ശശി സദനത്തിൽ ഉണ്ണിക്കൃഷ്‌ണൻ (24) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും വെഞ്ഞാറമൂട്ടിൽ പാരലൽ കോളേജ് അദ്ധ്യാപകരാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. വെഞ്ഞാറമൂട് ഭാഗത്ത് നിന്നും വെമ്പായം ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന ഇവരുടെ ബൈക്കിൽ എതിർദിശയിൽ നിന്നും വന്ന പൊലീസ് ജീപ്പ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് നിയന്ത്രണംവിട്ട് മുന്നേ പോകുകയായിരുന്ന കാറിലിടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ പൊലീസ് ജീപ്പിൽ തന്നെ വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ഇടിയുടെ ആഘാതത്തിൽ ബൈക്കിനും പൊലിസ് ജീപ്പിനും കാറിനും കേടുപാടുണ്ട്.