തിരുവനന്തപുരം: നികുതിക്ക് പുറമെ സെസ് എന്ന മണ്ടൻ തീരുമാനമാണ് ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ളതെന്ന് ബഡ്ജറ്റിനെ എതിർത്തുകൊണ്ട് അടൂർപ്രകാശ് പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് സംസ്ഥാനം പോകുമ്പോഴും ചെലവ് ചുരുക്കുന്നതിനെക്കുറിച്ച് പറയുന്നേയില്ല. കിഫ്ബിയിൽ എങ്ങനെ പണമെത്തുമെന്നതിനെക്കുറിച്ച് ധനമന്ത്രിക്ക് മറുപടിയില്ല. പ്രളയത്തിൽ വീടും സ്ഥലവും നഷ്ടമായവർക്ക് ആകെ നൽകിയത് 10,000 രൂപയാണ്. സാധാരണക്കാർ പ്രതീക്ഷിച്ചതൊന്നും ബഡ്ജറ്റിലില്ല.

കുമാരനാശാൻ നവോത്ഥാനത്തിന്റെ മഹാകവിയെന്നാണ് ബഡ്ജറ്റിൽ വിശേഷിപ്പിക്കുന്നത്. സി.പി.എമ്മിന്റെ താത്വികാചാര്യനായിരുന്ന ഇ.എം.എസ് ആശാനെ വിശേഷിപ്പിച്ചിരുന്നത് ബൂർഷ്വാ എന്നാണ്. ഗുരുദേവനെ ശ്രീനാരായണൻ എന്നാണ് ഇ.എം.എസ് അഭിസംബോധന ചെയ്തിരുന്നതെന്ന് ഓർമ്മയുണ്ടോ. ആധുനിക കേരള സൃഷ്ടിയിൽ ശ്രീനാരായണ പ്രസ്ഥാനങ്ങൾ ഒരു പങ്കും വഹിച്ചിട്ടില്ലെന്നായിരുന്നു ഇ.എം.എസിന്റെ പക്ഷം. ഇന്നലെകളിൽ ചെയ്ത നെറികേടുകൾ മറച്ചുപിടിക്കാനുള്ള കമ്മ്യൂണിസ്റ്റ് കാപട്യമാണ് ഇവിടെ കാണുന്നത്. സ്വന്തം പാർട്ടി പിന്തുടർന്ന ചരിത്രം തെറ്രായിരുന്നതു കൊണ്ടാണോ കേരള നവോത്ഥാന ചരിത്രത്തിൽ ഗുരുദേവനെയും ആശാനെയും വാനോളം പുകഴ്ത്തുന്നത്.

പ്രഥമ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പത്രാധിപർ കെ. സുകുമാരന്റെ കുളത്തൂർപ്രസംഗം സി.പി.എമ്മിന്റെ പിന്നാക്ക വിദ്വേഷ പാരമ്പര്യത്തെ ഓർമ്മിപ്പിക്കുന്നു.പിന്നാക്ക സമുദായങ്ങൾക്ക് സർക്കാർ സർവീസിൽ പ്രാതിനിധ്യം സംവരണം ചെയ്തിരിക്കുന്നതു കൊണ്ട് സർക്കാരിന്റെ കാര്യക്ഷമത നശിക്കുന്നു എന്നാണ് ഇ.എം.എസിന്റെ കമ്മിറ്റി കണ്ടെത്തിയതെന്നാണ് സുകുമാരൻ പറഞ്ഞ‌ത്. ഇതേ നയമല്ലെ കെ.എ.എസിന്റെ കാര്യത്തിൽ എൽ.ഡി.എഫ് കൈക്കൊണ്ടതെന്നും അടൂർ പ്രകാശ് ചോദിച്ചു. കെ.സി.ജോസഫ് (കോൺ), മഞ്ഞളാംകുഴി അലി, വി.കെ.സി. മമ്മത് കോയ, വി.കെ. ഇബ്രാഹിംകുഞ്ഞ് (ലീഗ്) എന്നിവരും ബഡ്ജറ്റിനെ എതിർത്തു.