തിരുവനന്തപുരം: സർവകലാശാലകളുടെയും കോളേജുകളുടെയും അടിസ്ഥാന സൗകര്യ വികസനത്തിനുള്ള റൂസ (ദേശീയ ഉന്നത വിദ്യാഭ്യാസ ദൗത്യം) ഫണ്ടുപയോഗിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഡയറി അച്ചടിക്കുന്നു. 280രൂപ കരാർ നിരക്കിൽ 5000 ഡയറിയാണ് അച്ചടിക്കുന്നത്. സെക്രട്ടേറിയറ്റിലെ ഒരു വകുപ്പ് പ്രത്യേകം ഡയറി അച്ചടിക്കുന്നത് അപൂർവമാണ്. സി-ആപ്‌റ്റിനാണ് ചുമതല. സർക്കാർ ഡയറിക്ക് 270രൂപയുള്ളപ്പോഴാണ് അതിലും ഉയർന്ന നിരക്കിലെ ഡയറി അച്ചടി. സംസ്ഥാനത്ത് ആദ്യമായാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന് മാത്രമായി മന്ത്രിയെ ലഭിക്കുന്നതെന്നും വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനവും ലക്ഷ്യവും ആധികാരികമായി വ്യക്തമാക്കുന്ന ഒരു പ്രസിദ്ധീകരണവും ഉണ്ടായിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ഡയറി അച്ചടിക്ക് റൂസ ഫണ്ടുപയോഗിക്കാൻ മന്ത്രി കെ.ടി.ജലീൽ മുഖ്യമന്ത്രിയുടെ അനുമതി തേടിയിരുന്നു.
ഡിസംബർ 25ന് മുഖ്യമന്ത്രി പ്രത്യേക അനുമതി നൽകി. കേന്ദ്ര മാനവവിഭവ ശേഷി വകുപ്പിൽ നിന്ന് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ലഭ്യമാകുന്ന സേവനങ്ങൾ ഇതിൽ ഉൾപ്പെടുത്തുമെന്നും ഡിസംബർ 18ന് 278-18 എന്ന നമ്പറിൽ മന്ത്രി ജലീലിൽ നൽകിയ കുറിപ്പിലുണ്ട്. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതിന്റെ പിറ്റേന്ന് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ.കെ.ഷെറഫുദ്ദീൻ തുടർനടപടികൾ ആരംഭിച്ചു. സർവകലാശാലകൾ, കോളേജുകൾ, പോളിടെക്നിക്കുകൾ എന്നിവിടങ്ങളിലും വകുപ്പ് അദ്ധ്യക്ഷന്മാർക്കും ഓഫീസുകൾക്കും നൽകാനാണ് ഡയറി അച്ചടിക്കുന്നതെന്നും ഉടൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഉഷാടൈറ്റസിന് അദ്ദേഹം കുറിപ്പു നൽകി. മന്ത്രി ജലീലിന്റെ മണ്ഡലത്തിൽ 1000ഡയറി വിതരണം ചെയ്യണമെന്ന നിർദ്ദേശവും വകുപ്പിലെ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. അടിസ്ഥാനസൗകര്യ വിസനം, സൗകര്യങ്ങളുടെ മെയിന്റനൻസ്, പർച്ചേസ് എന്നിവയ്ക്ക് മാത്രമേ റൂസ ഫണ്ട് ഉപയോഗിക്കാവൂ എന്നാണ് കേന്ദ്രചട്ടം.
സർക്കാർ കോളേജുകൾ, സ്വയംഭരണ കോളേജുകൾ, ഗവൺമെന്റ് എയ്ഡഡ് കോളേജുകൾ എന്നിവയുടെ അടിസ്ഥാന സൗകര്യവികസനത്തിനും ഗവേഷണ മേഖലയിലെ ഉന്നമനത്തിനുമായി അടുത്തിടെ 44.70കോടി റൂസഫണ്ട് സർക്കാർ അനുവദിച്ചിരുന്നു. 9 ഗവൺമെന്റ് കോളേജുകൾ, 91 ഗവൺമെന്റ് എയ്ഡഡ് കോളേജുകൾ, 5 സ്വയംഭരണ കോളേജുകൾ എന്നിവയ്ക്കായി സംസ്ഥാന വിഹിതമായി 44,70,00,000 രൂപയുടെ ധനസഹായവും കേന്ദ്റ വിഹിതമായി 67,05,00,000 രൂപയുടെ ധനസഹായവും ലഭിക്കേണ്ടതാണ്. 250കോടിയാണ് ഇക്കൊല്ലത്തെ ബഡ്‌ജറ്റിൽ റൂസയ്ക്കുള്ള വിഹിതം.