തിരുവനന്തപുരം: ചില നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ളതിനാൽ പ്രളയസെസ് നടപ്പാക്കുന്നത് വൈകുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് നിയമസഭയിൽ വ്യക്തമാക്കി. അന്തിമ ഉപധനാഭ്യർത്ഥന ചർച്ചകൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
ബഡ്ജറ്റിൽ സെസ് പ്രഖ്യാപിച്ചെങ്കിലും ഇത് സംബന്ധിച്ച് വിശദാംശങ്ങളോടെയുള്ള വിജ്ഞാപനമിറങ്ങണം. തുടർന്ന് ജി.എസ്.ടി കൗൺസിലിൽ ആവശ്യപ്പെട്ട് സോഫ്റ്റ് വെയറിൽ മാറ്റം വരുത്തിയാലേ സെസ് പ്രാബല്യത്തിൽ വരൂ.ഇതിന് നിരവധി നടപടിക്രമങ്ങൾ പൂർത്തിയാക്കാനുണ്ട്. പ്രളയ സെസ് വരുന്നതോടെ വലിയ വിലക്കയറ്റം ഉണ്ടാവുമെന്ന പ്രചാരണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ജി.എസ്.ടി നടപ്പായ ഘട്ടത്തിൽ മിക്ക സാധനങ്ങളുടെയും നികുതിയിൽ അഞ്ച് മുതൽ 10 ശതമാനം വരെ കുറവുണ്ടായി.ഇങ്ങനെ കിട്ടുന്ന നികുതി ഇളവ് ആനുകൂല്യത്തിൽ ഒരു ശതമാനം ജനങ്ങൾക്ക് കിട്ടില്ലെന്നത് മാത്രമാണ് ഫലത്തിൽ ഉണ്ടാവുന്നത്.സിനിമാ ടിക്കറ്റിൽ വിനോദനികുതി ഏർപ്പെടുത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയതിനാൽ ടിക്കറ്റ് നിരക്ക് കൂടുമെന്ന വാദവും ശരിയല്ല. ജി.എസ്.ടി ഏർപ്പെടുത്തും മുമ്പ് 28 ശതമാനമായിരുന്ന നികുതി ജി.എസ്.ടി വന്നതോടെ 18 ശതമാനമായി കുറഞ്ഞു. ഇളവ് കിട്ടിയ 10 ശതമാനമാണ് വിനോദനികുതിയാക്കി മാറ്രിയത്.അല്ലാതെ നിരക്ക് വർദ്ധിച്ചിട്ടില്ല.
പ്രളയ നികുതിയുടെ പേരിൽ ഏറെ കുറ്രം പറയുന്ന യു.ഡി.എഫിന്റെ കാലത്താണ് വാറ്റ് നികുതി 12 ശതമാനത്തിൽ നിന്ന് 14.5 ശതമാനമായി ഉയർത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബി പദ്ധതികൾ
കിഫ്ബി പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും. 2016-17 വർഷത്തിൽ കിഫ്ബിയിൽ സമർപ്പിച്ച പദ്ധതികളിൽ 64 ശതമാനത്തിനും 17-18 കാലത്ത് 74 ശതമാനത്തിനും അനുമതി നൽകിയിരുന്നു.ഇതിൽ 48 ശതമാനം പദ്ധതികൾ ടെണ്ടറിലാണ്.ടെണ്ടർ ചെയ്തതിൽ 79 ശതമാനം പദ്ധതികളും തുടങ്ങിയിട്ടുണ്ട്. ഓഖി പാക്കേജിൽ വലിയപുലിമുട്ടിനും കടൽഭിത്തിക്കുമായി 250 കോടി ചെലവിട്ടു. പരപ്പനങ്ങാടി ഹാർബറിന് 115 കോടിയും ചെത്തി ഹാർബറിന് 100 കോടിയും അനുവദിച്ചു.
ബി.ജെ.പിയുടെ താളത്തിന് തുള്ളുന്ന കോൺഗ്രസിന്റെ രാഷ്ട്രീയത്തെ തങ്ങൾ അംഗീകരിക്കില്ലെന്നും ഐസക്ക് പറഞ്ഞു.