വിഴിഞ്ഞം: രാജ്യാന്തര തുറമുഖ നിർമാണ സ്ഥലത്തേക്ക് കല്ല് എത്തിക്കുന്നതിനുള്ള ബോട്ടം ഓപ്പൺ ബാർജ് ഇന്നലെ വൈകിട്ടോടെ കൊല്ലത്തെത്തി. രാത്രി തന്നെ ലോഡിംഗ് ആരംഭിച്ചു. പുലിമുട്ട് നിർമ്മിക്കുന്നതിന് കൊല്ലത്തു നിന്ന് കല്ലുമായി ആദ്യ ബാർജ് രണ്ടു ദിവസത്തിനുള്ളിൽ വിഴിഞ്ഞത്ത് എത്തും. കല്ലെത്തിക്കുന്നതിനുള്ള കൂറ്റൻ എസ്.എസ് സ്പിളിറ്റ് ബാർജ് 7 ആണ് കൊല്ലം തുറമുഖത്ത് എത്തിച്ചത്. അടിഭാഗം തുറക്കാൻ കഴിയുന്ന ബാർജിൽ ട്രയൽ റൺ നടത്തുന്നതിനായി 200 ടണ്ണോളം കല്ലുമായി ഉടൻ വിഴിഞ്ഞത്ത് എത്തും. ആദ്യ ഘട്ടമെന്ന നിലയിലാണ് ഇത്രയും ചെറിയ അളവ് കല്ലുമായി എത്തുന്നത്. 2000 ടൺ കല്ല് കൊള്ളുന്ന ബാർജാണിത്. അദാനി ഗ്രൂപ്പിന്റെ ബാർജാണ് എസ് എസ് സ്പിളിറ്റ്. റിഷി വിസ്താര എന്ന ടഗ്ഗിൽ കെട്ടിവലിച്ചാണ് മഹാരാഷ്ട്രയിലെ വസായ് തുറമുഖത്തു നിന്ന് ബാർജിനെ കൊല്ലത്തെത്തിച്ചത്. കൊല്ലത്തെ ക്വാറികളിൽ നിന്നു ശേഖരിച്ച് തുറമുഖത്തെത്തിച്ചിരിക്കുന്ന കല്ലുകളാണ് ബാർജ് മുഖാന്തരം വിഴിഞ്ഞത്ത് എത്തിക്കുന്നത്. കരമാർഗം ലോറിയിയിലാണ് ഇപ്പോൾ കല്ലുകൾ നിക്ഷേപിച്ച് പുലിമുട്ട് നിർമ്മിച്ചത്. ബോട്ടൺ ഓപ്പൺ ബാർജ് മുഖാന്തരം കടലിലൂടെ എത്തി അടിഭാഗം തുറന്ന് യഥാസ്ഥാനത്ത് നിക്ഷേപിക്കാൻ കഴിയും. പുലിമുട്ട് നിർമ്മാണത്തിനായി കൂറ്റൻ ക്രെയിനുകളും ഉപയോഗിക്കും. ഇപ്പോൾ എത്തിച്ച ബാർജിനെ കൂടാതെ കൂടുതൽ ബാർജുകളും ഇവിടെ എത്തിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിക്കുന്ന കരിങ്കല്ലുകൾ മുതലപ്പൊഴിയിലും കൊല്ലത്തും എത്തിച്ച് അവിടെ നിന്ന് ബാർജ് മുഖാന്തരം വിഴിഞ്ഞത്തെത്തിക്കും. തൂത്തുക്കുടി, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നും കല്ല് എത്തിക്കുന്നതോടുകൂടി പുലിമുട്ട് നിർമ്മാണത്തിന് വേഗത കൂടും.