mamta-banerjee

കൊൽക്കത്ത : സി.ബി.ഐക്ക് എതിരെയല്ല, കേന്ദ്ര സർക്കാരിനെതിരെയാണ് സമരമെന്ന് പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആരംഭിച്ച സത്യാഗ്രഹം രണ്ടാം ദിവസമായ ഇന്നലെയും തുടർന്നു. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള സമരം വെള്ളിയാഴ്ച വരെ തുടരുമെന്നും മമത അറിയിച്ചു.

ശാരദ ചിട്ടി തട്ടിപ്പ് കേസിൽ കൊൽക്കത്ത പൊലിസ് കമ്മിഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ നടപടിയിൽ പ്രതിഷേധിച്ച് മെട്രോ ചാനലിന് മുന്നിൽ ഞായറാഴ്ച രാത്രിയാണ് മമത സമരം ആരംഭിച്ചത്.

സമരത്തിന് പിന്തുണയുമായി തെരുവിലിറങ്ങിയ തൃണമൂൽ പ്രവർത്തകർ വിവിധ സ്ഥലങ്ങളിൽ പ്രധാനമന്ത്രി മോദിയുടെയും അമിത് ഷായുടെയും കോലങ്ങൾ കത്തിച്ചു. പലയിടത്തും ട്രെയിനുകൾ തടഞ്ഞു. ദേശീയ പാത ഉപരോധിച്ചു.

അതേസമയം, ബംഗാളിലെ സ്ഥിതിഗതികളെക്കുറിച്ച് ഗവർണർ അയച്ച റിപ്പോർട്ട് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചു. സി.ബി.ഐ ഉദ്യോഗസ്ഥരെ തടയാൻ ശ്രമിക്കുകയും മുഖ്യമന്ത്രിയുടെ സത്യാഗ്രഹത്തിൽ ഒപ്പമിരിക്കുകയും ചെയ്ത എെ.പി.എസുകാരുടെ പേരുകളും കേന്ദ്രം ആരാഞ്ഞിട്ടുണ്ട്. സി.ബി.ഐയെ തടഞ്ഞത് കീഴ്‌വഴക്കമില്ലാത്ത സംഭവമാണെന്നും അന്വേഷണ ഏജൻസികൾ ഇത്തരത്തിൽ ഏറ്റുമുട്ടുന്ന സാഹചര്യം സൃഷ്ടിക്കുന്നത് ഫെഡറൽ, രാഷ്ട്രീയ സംവിധാനങ്ങൾക്ക് നന്നല്ലെന്നും ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് ലോക്‌സഭയിൽ പറഞ്ഞു.

സി.ബി.ഐയെ ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ കൂട്ടായ്മ ഇരുസഭകളും സ്തംഭിപ്പിച്ചു. പലതവണ നിറുത്തിവച്ചതിന് ശേഷം സഭ ഇന്നത്തേക്ക് പിരിഞ്ഞു.

കമ്മിഷണറുടെ വസതിയിലേക്ക് സി.ബി.ഐ അനുമതിയില്ലാതെ ചെന്നതാണ് സംഭവം വഷളാക്കിയതെന്ന് തൃണമൂൽ അംഗം സുഗതാറോയ് ലോക്‌സഭയിൽ പറഞ്ഞു.

സി.ബി.ഐ ഹർജി ഇന്ന് പരിഗണിക്കും.

സി.ബി.ഐ ഉദ്യോഗസ്ഥരെ തടഞ്ഞതുമായി ബന്ധപ്പെട്ട ഹർജി ഇന്നലെ തന്നെ പരിഗണിക്കണമെന്ന സി.ബി.ഐയുടെ ആവശ്യം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അനുവദിച്ചില്ല. തെളിവ് നശിപ്പിക്കൽ സംബന്ധിച്ച് ഹർജിയിൽ ഒന്നുമില്ലല്ലോ എന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. തുടർന്ന് ഹർജിയിൽ ഇന്ന് വാദം കേൾക്കുമെന്നറിയിച്ച കോടതി മതിയായ രേഖകൾ ഹാജരാക്കാനും സി.ബി.ഐയോട് നിർദ്ദേശിച്ചു.

പൊലീസ് കമ്മിഷണറോ മറ്റാരെങ്കിലുമോ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചാൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകി.

ബംഗാളിൽ അസാധാരണ സാഹചര്യമാണെന്നും തെളിവുകൾ നശിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്നുമാണ് സി.ബി.ഐക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞത്.

കേസിൽ പൊലീസ് കമ്മിഷണർ പ്രതിയല്ലെന്നും സാക്ഷിമാത്രമാണെന്നും രാഷ്ട്രീയ വേട്ടയാടലാണ് ബംഗാളിൽ നടക്കുന്നതെന്നും എതിർഭാഗത്തിന് വേണ്ടി അഭിഷേക് സിംഗ്‌വി ചൂണ്ടിക്കാട്ടി.

പ്രതിപക്ഷം ഒറ്റക്കെട്ട്: രാഹുൽ

കൊൽക്കത്ത : മുഖ്യമന്ത്രി മമതാ ബാനർജിക്ക് പിന്തുണയുമായി പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി നിൽക്കുമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വ്യക്തമാക്കി. ബി.എസ്.പി, എസ്.പി, ടി.ഡി.പി, എൻ.സി.പി, ആം ആദ്മി, ജെ.ഡി.യു, ആർ.ജെ.ഡി, ഡി.എം.കെ തുടങ്ങിയ പാർട്ടികളും മമതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.

അഴിമതി അന്വേഷിക്കുന്നത്

കുറ്റമാണോ?: ബി.ജെ.പി

ന്യൂഡൽഹി: ബി.ജെ.പിയല്ല കോൺഗ്രസാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചതെന്ന് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് ചൂണ്ടിക്കാട്ടി. ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പുകളിലൂടെ 20 ലക്ഷത്തിലധികം പേരുടെ പണമാണ് നഷ്ടമായത്. അഴിമതി അന്വേഷിക്കുന്നത് കുറ്റമാണോ? ധർണ നടത്തി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ പിന്തുടരുകയാണ് മമതയെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. സി.ബി.ഐയിൽ നിന്ന് സ്വയം രക്ഷപ്പെടാൻ വേണ്ടിയാണ് മമതാ ബാനർജി ധർണയിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും പ്രതികരിച്ചു.