pannyan-raveendran

തിരുവനന്തപുരം: ലോക്‌‌സഭാ തിരഞ്ഞെടുപ്പിന് ശേഷമാകും രാജ്യത്ത് രാഷ്ട്രീയ സഖ്യം വരികയെന്ന് സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. ഈ തിരഞ്ഞെടുപ്പിൽ ബി.ജെ.പി അധികാരത്തിൽ നിന്ന് പുറത്താകുമെന്ന് ഉറപ്പാണ്. അവർക്ക് 225 സീറ്റ് വരയേ കിട്ടൂ. കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികളുടെ സഖ്യസർക്കാരാകും അധികാരത്തിൽ വരിക. ഒരു പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലുള്ള സർക്കാരായിരിക്കും അത്. ഏകകക്ഷി ഭരണത്തിന്റെ കാലം പോയി. ഇടതുപക്ഷത്തിന്റെ പിന്തുണ അപ്പോൾ അനിവാര്യമായിരിക്കും. അതൊരു മതനിരപേക്ഷ സർക്കാരായിരിക്കും. പന്ന്യൻ രവീന്ദ്രൻ 'ഫ്ളാഷു'മായി സംസാരിക്കുന്നു:

സി.പി.ഐയുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല

സി.പി.ഐയുടെയും ഇടതുപക്ഷത്തിന്റെയും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. കേരളം കൂടാതെ ബിഹാറിൽ നിന്നും ഞങ്ങൾക്ക് സീറ്ര് കിട്ടും. ബി.ജെ.പിയെ എതിർക്കുന്നവർ പലതും ബൂർഷ്വാ പാർട്ടികളാണ് . അവർക്ക് ഞങ്ങളുടെ വോട്ട് വേണം. എന്നാൽ മത്സരിക്കാൻ സീറ്ര് തരില്ല. അവർ ഞങ്ങളിൽ നിന്നകലം പാലിക്കുന്നു. എന്നാൽ അവരുമായി പിണങ്ങുന്നില്ല. ബി.ജെ.പിക്കെതിരെ കർഷക പ്രക്ഷോഭം നയിച്ചത് ഇടതുപക്ഷമാണ്. എന്നാൽ അതിന്റെ ഗുണം കിട്ടിയത് കോൺഗ്രസിനും ഈ പാർട്ടികൾക്കുമാണ്.

സാഹചര്യം വ്യത്യസ്തം

മുമ്പ് സി.പി.ഐ കേന്ദ്ര മന്ത്രിസഭയിൽ ചേർന്നതുപോലെ ഇത്തവണ ഉണ്ടാകണമെന്നില്ല. ഇപ്പോഴത്തെ സാഹചര്യം വ്യത്യസ്തമാണ്. പൊതുപരിപാടിയുടെ അടിസ്ഥാനത്തിൽ ഞങ്ങൾ പിന്തുണ നൽകിയ ഒന്നാം യു.പി.എ സർക്കാരിനെക്കൊണ്ട് ജനാഭിമുഖ്യമുള്ള പരിപാടികൾ നടപ്പിലാക്കിയതാണ് തങ്ങളുടെ നേട്ടം. പിന്നെ ആണവകരാർ വിഷയത്തിൽ പിന്തുണ പിൻവലിച്ചു.

വയനാടിനെ എഴുതിത്തള്ളില്ല

കേരളത്തിൽ സി.പി.ഐ മത്സരിക്കുന്ന നാല് മണ്ഡലങ്ങളിലും നല്ല സാദ്ധ്യതയുണ്ട്. വയനാട് എഴുതിത്തള്ളേണ്ട മണ്ഡലമല്ല. സത്യൻ മൊകേരി 20,000 വോട്ടിന് മാത്രമാണ് തോറ്രത്. അന്നത്തെ സ്ഥിതി മാറി. വയനാട്ടിൽ നല്ല സ്വാധീനമുള്ള വീരേന്ദ്രകുമാറിന്റെ ലോകതാന്ത്രിക് ജനതാദൾ ഞങ്ങളുടെ കൂടെ വന്നു. മറ്ര് മൂന്നു മണ്ഡലങ്ങളിലും നല്ല സാദ്ധ്യതയുണ്ട്. 2004ലേതുപോലെ ഒരു വൻവിജയത്തിനാണ് ഞങ്ങൾ തയ്യാറെടുക്കുന്നത്.

എൽ.ഡി.എഫ് അടിത്തറ ശക്തം

പുതിയ കക്ഷികളുടെ വരവോടെ എൽ.ഡി.എഫിന്റെ അടിത്തറ കൂടുതൽ ശക്തമായി. പഴയതിനെക്കാൾ നല്ല കെട്ടുറപ്പുണ്ട്. കോൺഗ്രസിനും ബി.ജെ.പിക്കും വോട്ട് ചെയ്ത പിന്നാക്കക്കാരിൽ നല്ലൊരു വിഭാഗം ഇടതുപക്ഷത്തിന്റെ കൂടെ വരും. 47 ശതമാനം വരുന്ന മതന്യൂനപക്ഷങ്ങൾക്ക് സുരക്ഷിതത്വം എൽ.ഡി.എഫ് സർക്കാരിലാണ് . അതുകൊണ്ട് അവരും ഞങ്ങളുടെ കൂടെ വരും. സംസ്ഥാന സർക്കാരിന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങൾ വോട്ട് ചോദിക്കുന്നത്.

കോൺഗ്രസ് കൂട്ടുനിൽക്കുന്നു

ബി.ജെ.പിയുടെ വരവിനെ കോൺഗ്രസ് സ്വാഗതം ചെയ്യുകയാണ്. ശബരിമലയിൽ വിശ്വാസികൾക്ക് വേണ്ടി നിലകൊള്ളുന്നു എന്ന നിലപാട് ഇതിന്റെ ഭാഗമാണ്. ബി.ജെ.പി വർഗീയ ചേരിതിരിവുണ്ടാക്കാൻ നോക്കുമ്പോൾ കോൺഗ്രസ് അതിന് കൂട്ടുനിൽക്കുകയാണ് ചെയ്യുന്നത്.