ചിറയിൻകീഴ്: ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ആരംഭിച്ച ഇ-ഹെൽത്ത് കേരള പദ്ധതിയുടെ ഉദ്ഘാടനം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ സുഭാഷ് നിർവഹിച്ചു. മെഡിക്കൽ സൂപ്രണ്ട് ഷബ്നം, ബ്ലോക്ക് പഞ്ചായത്ത് അംഗം അഞ്ചുതെങ്ങ് സുരേന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കനകദാസ്, കവിത സന്തോഷ് എന്നിവർ പങ്കെടുത്തു. ഓരോ പൗരനും ഒരൊറ്റ മെഡിക്കൽ റെക്കോർഡ് എന്നതാണ് പദ്ധതിയുടെ ആശയം. താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്ന രോഗികൾക്ക് ഇനി മുതൽ മെഡിക്കൽ രസീതിനോപ്പം ഇലക്ട്രോണിക് മെഡിക്കൽ റിക്കോർഡ് (ഇ.എം.ആർ) നമ്പർ കൂടി നൽകും. ആശുപത്രിയിൽ ചികിത്സ നടത്തിയ വിവരം ഈ നമ്പറിൽ ശേഖരിച്ച് സൂക്ഷിക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത. കേരളത്തിലെ ഏത് ഗവൺമെന്റ് ആശുപത്രിയിലും ഈ നമ്പർ നൽകിയാൽ മുൻകാലങ്ങളിലുളള ചികിത്സയുടെ വിവരം ലഭ്യമാകും. കൂടാതെ ഫിലിം ഉപയോഗിച്ചുളള റേഡിയോളജി പരിശോധനകൾ, ആൻജിയോഗ്രാം, അൾട്രാ സൗണ്ട് സിനി സീക്വൻസ്, എൻഡോസ്കോപ്പി എന്നിവയും കമ്പ്യൂട്ടർവത്കൃതമായ ഈ സോഫ്റ്റ് വെയർ വഴി ശേഖരിക്കാൻ സാധിക്കും.