ഉള്ളൂർ: മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷന് മുന്നിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ ഉപരോധത്തിനിടെ സ്റ്റേഷനിലേക്ക് കല്ലെറിഞ്ഞ കേസിലെ ഒന്നാംപ്രതി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങി. നാലാഞ്ചിറ പരുത്തിപ്പാറ ബി.എസ്.എൻ.എൽ ക്വർട്ടേഴ്‌സിൽ താമസക്കാരനും ഡി.വൈ.എഫ്.ഐ പ്രവർത്തകനുമായ നിഥിയെന്ന നിഥിനാണ് (30) കീഴടങ്ങിയത്. മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലേക്ക് കല്ലെറിഞ്ഞ സംഭവത്തിൽ ഇയാൾക്കുവേണ്ടി പൊലീസ് അന്വേഷണം വ്യാപിപ്പിക്കുന്നതിനിടെ ഇന്നലെ രാവിലെ 11ഓടെ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെത്തി ഇയാൾ കീഴടങ്ങുകയായിരുന്നു. സംഭവത്തിലെ ഒന്നാം പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. പോസ്‌കോ പ്രകാരം മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്‌തിരുന്ന പ്രതികളെ സന്ദർശിക്കാൻ അനുവദിച്ചില്ലെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവത്തകർ പൊലീസ് സ്റ്റേഷനിന് മുന്നിൽ സംഘടിക്കുകയും സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്‌തിരുന്നു. ഇതിനിടെയാണ് പ്രതിഷേധക്കാർക്കിടയിൽ നിന്നും പൊലീസ് സ്റ്റേഷന് നേരെ കല്ലേറുണ്ടായത്. കല്ലേറിൽ സ്റ്റേഷന്റെ ജനൽച്ചില്ല് തകർന്നു. സംഭവവുമായി ബന്ധപ്പെട്ട് കുന്നുകുഴി തേക്കുംമ്മൂട് ബണ്ടിൽ വീട്ടിൽ മനു എന്ന മനോജിനെ (30) മെഡിക്കൽ കോളേജ് പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്.