triveni

കൊല്ലം: ജില്ലയിലെ വെള്ളത്താൽ ചുറ്രപ്പെട്ട പ്രദേശങ്ങളിലുള്ളവർക്ക് ന്യായ വിലയ‌്‌ക്ക് നിത്യോപയോഗ സാധനങ്ങൾ എത്തിച്ച് നൽകാൻ ലക്ഷ്യമിട്ട് കൺസ്യൂമർഫെഡ് ഇറക്കിയ ഫ്ളോട്ടിംഗ് ത്രിവേണികൾ ആക്രി വിലയ്‌ക്ക് വിൽക്കുന്നു. ആസൂത്രണമില്ലാതെ ആരംഭിച്ച ഫ്ളോട്ടിംഗ് ത്രിവേണി സജ്ജമാക്കിയ രണ്ട് ബോട്ടുകളാണ് വിൽക്കാനൊരുങ്ങുന്നത്. ചവറ,​ കുണ്ടറ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് ഏറെ കൊട്ടിഘോഷിച്ച് ത്രിവേണി ബോട്ടുകൾ ദ്വീപ് നിവാസികൾക്കായി ഒരുക്കിയത്. രണ്ട് ബോട്ടുകൾ വാങ്ങിയ വകയിലും മറ്റും ചേർത്ത് 1.3 കോടിയാണ് ആകെ നഷ്‌ടം.

കൺസ്യൂർഫെഡ് ബോട്ടുകൾ വാങ്ങിയ ഇടപാടിൽ അഴിമതി നടന്നെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. ഇതിന് സമാന്തരമായി സഹകരണ വകുപ്പ് ചട്ടം 65 പ്രകാരം നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകൾ ഇങ്ങനെ: 'ഫിഷിംഗ് ബോട്ടുകൾ വഞ്ചി വീടിന് സമാനമായി രൂപമാറ്റം വരുത്തിയാണ് ഫ്ളോട്ടിംഗ് ത്രിവേണികളാക്കിയത്. കുണ്ടറയിൽ 25.5 ലക്ഷം ചെലവാക്കിയാണ് ബോട്ട് വാങ്ങിയത്. 2015 മാർച്ച് 31 വരെയുള്ള ഇതിന്റെ തേയ്‌മാനം ഉൾപ്പെടെയുള്ള പ്രവർത്തന നഷ്‌ടം 46,​24,​996 രൂപയാണ്. ചവറയിലെ ബോട്ട് വാങ്ങിയത് 24.75 ലക്ഷം ചെലവാക്കിയാണ്. ഈ കാലയളവിലെ ബോട്ടിന്റെ പ്രവർത്തന നഷ്‌ടം 36,​15,​158രൂപയാണ്. വില ഒഴിവാക്കിയാണ് ഈ നഷ്‌ടം കണക്കാക്കിയിരിക്കുന്നത്. ഇതിൽ ജീവനക്കാരുടെ ശമ്പളവും വാങ്ങി കൂട്ടിയ സാധനങ്ങളും ഉൾപ്പെടും.

ലൈസൻസില്ലാതെയും ഇൻഷ്വറൻസ് പരിരക്ഷ ഇല്ലാതെയുമാണ് ബോട്ടുകൾ സർവീസ് നടത്തിയിരുന്നത്. ഇതിനിടെ തീരത്തോട് ചേർന്ന് കെട്ടിയിട്ട ചവറയിലെ ബോട്ട് മുങ്ങി പോയിരുന്നു.'