ആലപ്പുഴ: പട്ടണക്കാട് കാട്ടുങ്കൽ തയ്യിൽ ഷിജി എന്ന ജോൺസൺ, സുഹൃത്ത് സുബിൻ എന്നിവരെ ബൈക്കിൽ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ ജില്ലാ സെഷൻസ് കോടതിയിൽ തുടങ്ങി. ഒറ്റമശേരി സ്വദേശി പോൾസൺ, സഹോദരൻ ടാനിഷ്, ലോറി ഡ്രൈവർ ചേർത്തല സ്വദേശി ഷിബു, സഹായികളായ അജേഷ്, വിജേഷ് എന്നിവരാണ് പ്രതികൾ. 2015 നവംബർ 13നാണ് കേസിനാസ്പദമായ സംഭവം. അയൽവാസികളായ പോൾസണും ജോൺസണും തമ്മിലുള്ള മുൻവൈരാഗ്യമാണ്

കൊലപാതകത്തിന് വഴിയൊരുക്കിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. നിർമ്മാണത്തൊഴിലാളികളായ ജോൺസണും ജസ്റ്റിനും ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങുമ്പോൾ പ്രതികൾ മനഃപൂർവ്വം ലോറി ഇടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. തിരുവനന്തപുരം സെൻട്രൽ ജയിലിലായിരുന്ന പ്രതികളെ ആലപ്പുഴ സബ് ജയിലിലേക്ക് മാറ്റി. വിചാരണ ഈ മാസം 20 വരെ തുടരും. കോളിളക്കം സൃഷ്ടിച്ച കണിച്ചുകുളങ്ങര കൂട്ടക്കൊലയുമായി സാമ്യമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയതോടെ ഏറെ ശ്രദ്ധേയമായ കേസാണിത്.