പത്തനംതിട്ട: 124ാമത് മാരാമൺ കൺവെൻഷന് മണൽപ്പുറത്ത് ഒരുക്കങ്ങൾ പുരോഗമിക്കുന്നു. 10 മുതൽ 17 വരെയാണ് കൺവെൻഷൻ. 10ന് ഉച്ചകഴിഞ്ഞ് 2.30ന് മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.
മാർത്തോമ്മാ സുവിശേഷ പ്രസംഗസംഘം സംഘടിപ്പിക്കുന്ന കൺവെൻഷൻ ഇക്കൊല്ലം ശതോത്തര രജതജൂബിലിയിലേക്ക് പ്രവേശിക്കുകയാണ്. ജൂബിലി ഉദ്ഘാടനം 17ന് രാവിലെ നടക്കുമെന്ന് സുവിശേഷ പ്രസംഗസംഘം ജനറൽ സെക്രട്ടറി റവ.ജോർജ് ഏബ്രഹാം പറഞ്ഞു.
ഉദ്ഘാടന യോഗത്തിൽ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.യുയാക്കിം മാർ കൂറിലോസ് എപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിക്കും. മാർത്തോമ്മാ സഭയിലെ ബിഷപ്പുമാരെ കൂടാതെ യോർക്കിലെ ആർച്ച് ബിഷപ്പ് ജോൺ ടക്കർ മുഗാബെ സെന്റാമു, ഡോ.ഡാനിയേൽ ഹോം (മലേഷ്യ), റവ.റെയ്മണ്ട് സിമംഗല കുമലോ (സൗത്ത് ആഫ്രിക്ക) എന്നിവരാണ് ഇക്കൊല്ലത്തെ പ്രധാന പ്രാസംഗികർ.
13ന് രാവിലെ 10ന് എക്യുമെനിക്കൽ സമ്മേളനത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യസന്ദേശം നൽകും. ഉച്ചകഴിഞ്ഞ് സാമൂഹിക തിന്മകൾക്കെതിരെയുള്ള സമ്മേളനത്തിൽ സർവോദയ സംഘം പ്രസിഡന്റ് ഡോ.എം.പി. മത്തായി പ്രസംഗിക്കും. തിങ്കൾ മുതൽ ശനി വരെ എല്ലാദിവസവും രാവിലെ 10നും ഉച്ചകഴിഞ്ഞ് രണ്ടിനും വൈകുന്നേരം അഞ്ചിനും പൊതുയോഗങ്ങളുണ്ടാകും. രാവിലെ 7.30 മുതൽ 8.30വരെ ബൈബിൾ ക്ലാസുകൾ, കുട്ടികളുടെ പ്രത്യേക യോഗങ്ങൾ, ഉച്ചകഴിഞ്ഞ് 3.30 മുതൽ അഞ്ചുവരെ കുടുംബവേദി, യുവവേദി സമ്മേളനങ്ങളും പന്തലിൽ നടക്കും. 14ന് യുവവേദി യോഗത്തിൽ മാർ ജോസഫ് പ്ലാംപാനി പ്രസംഗിക്കും.
പമ്പയുടെ തീരത്ത് പരിസരശുചീകരണം പൂർണമായി ഉറപ്പാക്കിയും ഹരിതച്ചട്ടം പാലിച്ചുമാണ് കൺവെൻഷൻ സംഘാടനമെന്ന് ഭാരവാഹികൾ പറഞ്ഞു. മാർത്തോമ്മാ സുവിശേഷ സേവികാസംഘത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച പ്രത്യേക സമ്മേളനം ഒമ്പതിന് രാവിലെ 10ന് മണൽപ്പുറത്ത് നടക്കും. ഒരു ലക്ഷം പേർക്കിരിക്കാവുന്ന ഓലപന്തലാണ് പമ്പയുടെ തീരത്ത് സജ്ജമാകുന്നത്. പുരുഷൻമാർക്കു മാത്രമായി നടത്തിവന്ന രാത്രിയോഗങ്ങൾ ഇക്കൊല്ലം മുതൽ ഒഴിവാക്കിയിട്ടുണ്ട്. പകരമായി വൈകുന്നേരം അഞ്ചിന് നടക്കുന്ന യോഗത്തിൽ എല്ലാവർക്കും പങ്കെടുക്കാം. യോഗങ്ങൾ വൈകുന്നേരം 6.30ന് അവസാനിക്കും.