പയ്യന്നൂർ: വിസ വാഗ്ദാനം ചെയ്ത് മൂന്നരലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ ആലപ്പുഴ സ്വദേശിക്കെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു. രാമന്തളി ശ്രീലയത്തിൽ താമസിക്കുന്ന ലക്ഷ്മണന്റെ മകൻ ഇ. ലതീഷ് നൽകിയ പരാതിയിൽ ആലപ്പുഴ ചേർത്തല ഏഴുപുന്ന സൗത്തിലെ പി.ബി. ജിബിനെതിരെയാണ് (28) കേസ്.
ലതീഷ് ഫേസ്ബുക്കിലൂടെയാണ് പ്രതിയായ ജിബിനെ പരിചയപ്പെട്ടത്. വിദേശത്തേക്ക് ജോബ് വിസ വാഗ്ദാനം ചെയ്ത് ആദ്യം 41,400 രൂപയുടെ വിമാന ടിക്കറ്റ് എടുപ്പിക്കുകയും പിന്നീട് കഴിഞ്ഞ മാസം 23 ന് പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മൂന്നു ലക്ഷം രൂപ നിക്ഷേപിക്കുകയും ചെയ്തു. എന്നാൽ പണം നൽകിയിട്ടും വിസ തരാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് താൻ കബളിക്കപ്പെട്ടതാണെന്ന് ലതീഷ് തിരിച്ചറിഞ്ഞത്.