ചാത്തന്നൂർ: കിണർ വൃത്തിയാക്കാനിറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. യുവാവിനെ രക്ഷിക്കാനിറങ്ങി കിണറ്റിൽ അകപ്പെട്ട മറ്റ് മൂന്ന് പേരെ കടപ്പാക്കടയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം രക്ഷിച്ചു. ചിറക്കര പ്ലാവറക്കുന്നിൽ ലീലാസദനത്തിൽ ദാസാണ് (25) മരിച്ചത്. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം.
പ്ലാവറക്കുന്ന് രതീഷ് ഭവനിൽ രതീഷിന്റെ കിണർ വൃത്തിയാക്കാനിറങ്ങിയ ദാസ് ശ്വാസം കിട്ടാതെ കിണറ്റിൽ അകപ്പെട്ടു. കരയ്ക്ക് നിൽക്കുകയായിരുന്ന കിണറുടമ രതീഷ്, പ്ലാവറക്കുനചരുവിള പുത്തൻവീട്ടിൽ സോമൻ, അനിൽകുമാർ എന്നിവർ ദാസിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങി. ഇവരും ശ്വാസം കിട്ടാതെ കിണറ്റിൽ അകപ്പെട്ടതോടെ നാട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
ഫയർഫോഴ്സ് എത്തി കിണറ്റിൽപ്പെട്ട എല്ലാവരെയും കരക്കെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ദാസിന്റെ ജീവൻ രക്ഷിക്കാനായില്ല.