തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ നൽകിയ പുന:പരിശോധന ഹർജികൾ നാളെ സുപ്രീംകോടതി പരിഗണിക്കും. വിധി പറഞ്ഞതിന് ശേഷം റിട്ടയർ ചെയ്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പകരം ഇപ്പോഴത്തെ ചീഫ് ജസ്റ്രിസ് രഞ്ചൻ ഗൊഗോയി ബെഞ്ചിലുണ്ടാകും. നേരത്തെയുള്ള അഞ്ചംഗ ബെഞ്ചിലെ മറ്ര് നാലംഗങ്ങളും തുടരും. നേരത്തെ ഹർജികൾ ജനുവരി 22ന് പരിഗണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ജസ്റ്റിസ് ഇന്ദുമൽഹോത്ര അവധിയിലായതിനാലാണ് നാളത്തേക്ക് മാറ്രിയത്.
അതിനിടെ യുവതി പ്രവേശനത്തെ തുടർന്ന് ശുദ്ധിക്രിയ നടത്തിയതിന് ദേവസ്വം ബോർഡ് നൽകിയ നോട്ടീസിന് തന്ത്രി കണ്ഠര് രാജീവര് മറുപടി നൽകി. അതേ സമയം ശബരിമല ദർശനത്തിന് എത്തുന്ന യുവതികൾക്ക് പ്രത്യേക സുരക്ഷ ഒരുക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിട്ടില്ലെന്ന് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ പറഞ്ഞു.