കാസർകോട്: മദ്ധ്യവയസ്‌കനെ അടിച്ചുകൊന്ന കേസിൽ മകനെയും സഹോദരനെയും സഹോദരപുത്രനെയും പൊലീസ് അറസ്റ്റു ചെയ്തു. പഡ്രെ കുംട്ടിക്കാന അർളിക്കട്ടയിലെ സുന്ദരയെ(55) കൊലപ്പെടുത്തിയ കേസിൽ സഹോദരൻ ഈശ്വരനായക് (68), സുന്ദരയുടെ മകൻ ജയന്ത (28), ഈശ്വരനായകിന്റെ മകൻ പ്രഭാകര (37) എന്നിവരെയാണ് എ.എസ്.പി ശിൽപയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഇവരെ കാസർകോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി മദ്യപിച്ചെത്തിയ സുന്ദര ഭാര്യയുമായി വഴക്കിട്ടിരുന്നു. സമീപത്തെ വീട്ടിൽ താമസിക്കുന്ന ഈശ്വരനായകും പ്രഭാകരനും സ്ഥലത്തെത്തുകയും സുന്ദരയെ തള്ളിയിടുകയും തലക്ക് കവുങ്ങിൻ തടികൊണ്ട് അടിക്കുകയും ചെയ്തുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ കൂടെ സുന്ദരയുടെ മകൻ ജയന്തയും മർദ്ദനത്തിനുണ്ടായി. ഭാര്യയും ഇതിന് കൂട്ടുനിന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും വിശദമായ അന്വേഷണം നടത്തിവരികയാണ്.

അക്രമത്തിൽ പരിക്കേറ്റ സുന്ദരയെ ഉടൻ ബന്ധുവിന്റെ വാഹനത്തിൽ പെർളയിലെ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ഇദ്ദേഹത്തിന് വിദഗ്ധ ചികിത്സ നല്കാനായി സൗകര്യമുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയില്ലെന്നും ആരോപണമുണ്ട്. ഇയാളെ വീട്ടിലേക്കാണ് കൊണ്ടുവന്നത്. മൃതദേഹം ആരും അറിയാതെ കത്തിച്ചുകളയാനും തെളിവ് നശിപ്പിക്കാനും ഇവർ തയ്യാറായിരുന്നുവെന്നും പറയുന്നു. ഇത് സംബന്ധിച്ച പരാതി ലഭിച്ചതിടെയാണ് ബദിയടുക്ക എസ്.ഐ മെൽവിൻജോസ് അന്വേഷണം നടത്തി മൂന്ന് പേരെ അറസ്റ്റ് ചെയ്തത്.