ഏരൂർ: മുൻവൈരാഗ്യത്തിന്റെ പേരിലുണ്ടായ സംഘർഷത്തിൽ യുവാവിന് കത്തിക്കുത്തിൽ ഗുരുതര പരിക്ക്. പാണയം രഞ്ജിത്ത് ഭവനിൽ സുജിത്തിനാണ് (25) കുത്തേറ്റത്. അർദ്ധരാത്രി 12.30 ഓടെ ഏരൂർ ശ്രീമഹാഗണപതി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. നെഞ്ചിന്റെ ഇടത് ഭാഗത്ത് കുത്തേറ്റ സുജിത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഏരൂർ സ്വദേശിയായ സജു (32) ഒളിവിലാണ്.
പൊലീസ് പറയുന്നത്: ആറുമാസം മുമ്പ് സജുവും സുഹൃത്തും പാണയത്തുവച്ച് കഞ്ചാവ് വലിച്ചിരുന്നു. ഇവർ സ്ഥിരം സന്ദർശകരായതോടെ സജുവിന്റെ സുഹൃത്തിനെ പ്രദേശത്തെ യുവാക്കൾ ചേർന്ന് കൈയേറ്റം ചെയ്തിരുന്നു. ഇന്നലെ ഉത്സവപറമ്പിനടുത്തുവച്ച് ഇവർ വീണ്ടും കണ്ടുമുട്ടി.
ജംഗ്ഷനിലെ ഹോട്ടലിൽ വച്ച് സുജിത്തും സുഹൃത്തുക്കളും ചേർന്ന് സജുവിനെ മർദ്ദിച്ചു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. തുടർന്ന് ഹോട്ടലിന് സമീപമുള്ള വീട്ടിലേക്ക് സജു ഓടിപ്പോയി. പിന്നാലെയെത്തിയ സംഘം വീണ്ടും ആക്രമിക്കുന്നതിനിടെയാണ് സുജിത്തിന് കുത്തേറ്റത്. സംഘാംഗങ്ങൾ സുജിത്തിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഏരൂർ പൊലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു.