തിരുവനന്തപുരം:ഇടവയിൽ പട്ടികജാതി യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇടവ മാന്തറ കുഴയ്ക്കാട്ട് പുത്തൻവിള വീട്ടിൽ പരേതരായ മോഹനെയും ബേബിരാജിയും മകൻ അനന്തു മോഹനാണ് (24) കൊല്ലപ്പെട്ടത്. ജനുവരി 30ന് രാത്രി 11.30 നായിരുന്നു സംഭവം. വീട്ടിൽ ഉറങ്ങിക്കിടന്ന അനന്തുവിനെ ഫോൺ ചെയ്ത് വീട്ടിൽ നിന്ന് വിളിച്ചിറക്കി സമീപത്തെ കവലയിലെത്തിച്ചാണ് അയൽവാസി ഉൾപ്പെടെ രണ്ടുപേർ മർദ്ദിച്ചത്. രാത്രിയിൽ പ്രദേശത്തെ ബൈക്കുകളിൽ നിന്ന് പെട്രോൾ ചോർത്തുന്നുവെന്നാരോപിച്ചായിരുന്നു മർദ്ദനം.
കൊല്ലത്ത് അയത്തിൽ മാരുതി സർവ്വീസ് സെന്ററിൽ പോളിഷ് മേക്കറായിരുന്ന അനന്തു ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ പുറത്ത് പോകുന്ന പ്രകൃതക്കാരനല്ലെന്ന് വീട്ടുകാർ പറയുന്നു. വലതുതോൾ മുതൽ താഴേക്ക് അടിയേറ്റ പാടുകളുണ്ടായിരുന്ന അനന്തുവിന്റെ തലയിൽ മൺവെട്ടിക്ക് അടിക്കുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അനന്തു മരണമടഞ്ഞത്. സംഭവത്തിന്റെ പിറ്റേദിവസം സ്ഥലത്തെത്തിയ പൊലീസിന് പ്രതികളിലൊരാളെ നാട്ടുകാർ കാണിച്ചുകൊടുത്തെങ്കിലും പിടികൂടിയില്ലെന്ന് പറയപ്പെടുന്നു. തുടർന്ന് സംഭവം വിവാദമായതോടെ ആറ്റിങ്ങൽ ഡിവൈ. എസ്.പി പി. അനിൽകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം ശക്തമാക്കിയത്. ഷാഡോ- സൈബർ പൊലീസ് സംഘങ്ങളുടെ സഹായത്തോടെ പ്രതികൾക്കായി ശക്തമായ തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.