തിരുവനന്തപുരം: മണക്കാട് മാർക്കറ്റിൽ അളവ് തൂക്ക പരിശോധന നടത്തിയ ലീഗൽ മെട്രോളജി വനിതാ ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ മർദ്ദിച്ച സംഭവത്തിൽ അറസ്റ്റിലായ ചുമട്ടു തൊഴിലാളി യൂണിയൻ പ്രവർത്തകരായ സുന്ദരൻ പിള്ള , സുരേഷ് കുമാർ എന്നിവരെ റിമാൻഡ് ചെയ്തു. ഇവർക്കൊപ്പം അക്രമി സംഘത്തിലുണ്ടായിരുന്ന ദീപുരാജ്, നന്ദു എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന 13 പേ‌ർക്കായി തെരച്ചിൽ ശക്തമാക്കിയതായി ഫോർട്ട് പൊലീസ് അറിയിച്ചു.

ലീഗൽ മെട്രോളജി - സിവിൽ സപ്ളൈസ് വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ 11 മണിയോടെ മണക്കാട്ടെ കടകളിൽ പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു അക്രമം. നെടുമങ്ങാട് ലീഗൽ മെട്രോളജി ഇൻസ്പെക്ടർ ബി. പ്രിയ, കാട്ടാക്കട ഇൻസ്പെക്ടർ ഷാജഹാൻ, കൈമനം യൂണിറ്റിലെ ഇൻസ്പെക്ടിംഗ് അസിസ്റ്റന്റ് അബ്ദുൾ ഗഫൂർഖാൻ, ഡ്രൈവർ മുനീർ ഷാ എന്നിവർക്കാണ് മർദ്ദനമേറ്റത്.

പ്രിയയുടെ മൊബൈൽഫോൺ തട്ടിയെടുക്കാനുള്ള ശ്രമം ചെറുക്കുന്നതിനിടെ പ്രിയയുടെ കൈയ്ക്ക് സാരമായി പരിക്കേറ്റു. മുദ്ര പതിക്കാത്തതും കൃത്രിമം വരുത്തിയതുമായ പതിനഞ്ചോളം ത്രാസുകൾ സംഘം പിടിച്ചെടുത്തതോടെയാണ് യൂണിയൻ നേതാക്കളുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെ വളഞ്ഞുവച്ച് മർദ്ദിച്ചത്. പരിശോധനയെ വ്യാപാരികൾ എതിർത്തിരുന്നില്ല. ഫോർട്ട് സി.ഐ അജിചന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണം.