കൊല്ലം: പാവുമ്പ ക്ഷേത്ര ഉത്സവ പറമ്പിന് സമീപം ചവറ ടൈറ്റാനിയം ജംഗ്ഷൻ കണിച്ചുകുളങ്ങര വീട്ടിൽ ഉദയന്റെ മകൻ അഖിൽജിത്തിനെ (25) കൊലപ്പെടുത്തിയത് മുൻ വൈരാഗ്യത്തെ തുടർന്നെന്ന് പൊലീസ്. ആളുമാറിയാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് ആദ്യം പറഞ്ഞ പൊലീസ് ഇന്ന് രാവിലെ നിലപാട് മാറ്റി. കസ്റ്റഡിയിലുള്ള ഒരാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു. പ്രതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായില്ലെങ്കിലും നവാസ് എന്ന യുവാവാണ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന.
അക്രമി സംഘത്തിലുണ്ടായിരുന്ന നാലുപേരെ തിരിച്ചറിഞ്ഞെന്നും പൊലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ള പ്രതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇവർ ഒളിവിലാണ്. അഖിൽജിത്തും ഒപ്പമുണ്ടായിരുന്ന ബന്ധുവായ യുവാവും ശൂരനാട് ആനയടി ക്ഷേത്ര പരിസരത്ത് വച്ച ഒരു യുവാവുമായുണ്ടായ വാക്കുതർക്കത്തിന്റെ പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചെതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി 10ഓടെയായിരുന്നു കൊലപാതകം. വൃക്ക രോഗിയായ മാതാവിന്റെ അസുഖം ഭേദമാകാൻ പാവുമ്പയിലെയും ആനയടിയിലെയും ക്ഷേത്രങ്ങളിൽ പറ വഴിപാട് നടത്താൻ സുഹൃത്തിനൊപ്പം പോയതാണ് അഖിൽജിത്ത്. കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റ് നിലത്തുവീണ യുവാവിനെ യഥാസമയം ആശുപത്രിയിലെത്തിക്കാനും കഴിഞ്ഞില്ല. ശ്രീജയാണ് അഖിൽജിത്തിന്റെ മാതാവ്. സഹോദരി അഖില.
അക്രമത്തിൽ കെ.എം.എം.എല്ലിലെ സെക്യൂരിറ്റി ജീവനക്കാരൻ അമൃത യു.പി.എസിന് സമീപം താമസിക്കുന്ന നിഥിൻ നിവാസിൽ ഉണ്ണിക്കൃഷ്ണപിള്ള, മകൻ നിഥിൻ, അയൽവാസിയായ പൊലീസുകാരൻ, പരിസരവാസിയായ നവാസ് എന്നിവർക്കും പരിക്കേറ്റു. അക്രമിസംഘത്തിൽ നിന്ന് രക്ഷപ്പെട്ട് പ്രാണരക്ഷാർത്ഥം ഉണ്ണിക്കൃഷ്ണപിള്ളയുടെ വീട്ടിൽ കയറി പിൻവശത്തെ മതിൽ ചാടി മറഞ്ഞ യുവാവിനെ പിന്തുടർന്നെത്തിയ സംഘമാണ് ഇവരെ ആക്രമിച്ചത്. പരിക്കേറ്റ ഇവർ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. ഉണ്ണിക്കൃഷ്ണപിള്ളയുടെ വീടിനും പരിസരത്തെ മറ്ര് മൂന്ന് വീടുകൾക്കും അക്രമികൾ നാശം വരുത്തി.