കോട്ടയം: മീൻപിടിക്കാനിട്ട ഉടക്കുവലയിൽ കുടുങ്ങിയത് നവജാത ശിശുവിന്റെ ജഡം. മണിമലയാറ്റിൽ ഇരുവള്ളിപ്രക്ക് സമീപം കണ്ണാക്കടവിൽ ഇട്ട വലയിലാണ് പ്രസവിച്ച് ദിവസങ്ങൾ പൊലുമാകാത്ത ശിശുവിന്റെ ജഡം ഉടക്കിയത്. തിരുവല്ല പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. സമീപ ആശുപത്രികളിലെ സി.സി.ടി.വി കാമറകൾ പൊലീസ് പരിശോധിച്ചുവരുന്നു. ഗർഭിണികളുടെ ലിസ്റ്റ് എടുത്തും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഉടക്കുവലയിൽ മീൻ കുടുങ്ങിയിട്ടുണ്ടോയെന്ന് നോക്കാൻ വല പൊക്കിയപ്പോഴാണ് കുഞ്ഞിന്റെ ജഡം കണ്ടെത്തിയത്. ഞായറാഴ്ച രാത്രി ഒൻപതു മണിയോടെയാണ് വലയിൽ കുടുങ്ങിയ ശിശുവിന്റെ ജഡം കണ്ടെത്തിയത്. ഉടൻ നാട്ടുകാരെ വിളിച്ചുകൂട്ടി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. രാത്രിയിൽ തന്നെ തിരുവല്ല സി.ഐ പി.ആർ സന്തോഷ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു.
പൊക്കിൾകൊടി പോലും മുറിച്ചുമാറ്റാത്ത നിലയിലായിരുന്നു ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ജഡം കാണപ്പെട്ടത്. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ ഡി.എൻ.എ ടെസ്റ്റ് നടത്തുമെന്ന് സി.ഐ വ്യക്തമാക്കി.