കാസർകോട്: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനെ ഒന്ന് വിറപ്പിക്കാനായ കാസർകോട് മണ്ഡലം ഇത്തവണ പിടിച്ചെടുക്കാനാവുമോ എന്ന കണക്കുകൂട്ടലിൽ കരുക്കൾ നീക്കുകയാണ് കോൺഗ്രസ്. അതിനായി മികച്ച സ്ഥാനാർത്ഥിയെതന്നെ രംഗത്തിറക്കാനുള്ള ആലോചനയിലാണ് പാർട്ടി. പേരുകൾ പലതും ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും ഒരുപേരിലേക്ക് എത്തിയിട്ടില്ല.
കാസർകോട്ട് നിന്നൊരു കോൺഗ്രസുകാരൻ ലോക്സഭ കണ്ടിട്ട് മൂന്നര പതിറ്റാണ്ടു കഴിഞ്ഞു. എ.കെ. ഗോപാലനെയും ടി.ഗോവിന്ദനെയും പി.കരുണാകരനെയും പോലുള്ള കമ്യൂണിസ്റ്റ് കരുത്തന്മാർ ഉഴുതുമറിച്ചിട്ട ചുവപ്പൻ മണ്ണ്. ആ ചെങ്കോട്ട ഭേദിക്കാൻ ഇക്കുറി കഴിയുമോ എന്നാണ് കോൺഗ്രസ് നോക്കുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനെ കാര്യമായൊന്നു ഞെട്ടിക്കാൻ പാർട്ടിക്ക് കഴിഞ്ഞിരുന്നു. 2009-ൽ 64,427 വോട്ട് ഭൂരിപക്ഷം നേടിയ പി.കരുണാകരനെ കഴിഞ്ഞ തവണ 6921 വോട്ടിന്റെ വ്യത്യാസത്തിലേക്ക് എത്തിക്കാൻ കോൺഗ്രസിലെ ടി.സിദ്ദിഖിനായി. അതുകൊണ്ട് ഇക്കുറി ആഞ്ഞുപിടിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.
നാല് പേരുകൾ
സ്ഥാനാർത്ഥിയായി നാലു പേരുകളാണ് ചർച്ചകളിൽ പ്രധാനമായും ഉയർന്നു നിൽക്കുന്നത്. എ.ഐ.സി.സി സെക്രട്ടറി ഷാനിമോൾ ഉസ്മാൻ, കണ്ണൂരിൽ നിന്നുള്ള എ.പി. അബ്ദുള്ളക്കുട്ടി, ഡി.സി.സി ജനറൽ സെക്രട്ടറി പെരിയ ബാലകൃഷ്ണൻ, കഴിഞ്ഞ തവണ മിന്നിച്ച ടി.സിദ്ദിഖ് എന്നിവർ. ഇവരിൽ, രാഹുൽഗാന്ധിയുടെ ബ്രിഗേഡിൽ അംഗമായ ഷാനിക്കാണ് മേൽക്കൈ. ഒപ്പം പെരിയ ബാലകൃഷ്ണന്റെ പേരും സജീവമായുണ്ട്. കണക്കുകൾ കൂട്ടിക്കിഴിക്കുമ്പോൾ ഇതിൽ ആർക്കാണ് നറുക്ക് വീഴുക എന്നത് കണ്ടറിയാം. അതോ മറ്റേതെങ്കിലും പേര് ഉയർന്നുവരുമോ എന്നും. കാസർകോട്ട് സ്ഥാനാർത്ഥിയാവുക എന്ന ലക്ഷ്യത്തോടെ ചില നേതാക്കൾ ചരടുവലിയും ശക്തമാക്കിയിട്ടുണ്ട്.
2014 ലെ വോട്ട് നില
പി. കരുണാകരൻ (സി.പി.എം): 3,84,964
ടി. സിദ്ദിഖ് (കോൺഗ്രസ്): 3,78,043
കെ.സുരേന്ദ്രൻ (ബി.ജെ.പി): 1,72,826
പി. കരുണാകരന്റെ ഭൂരിപക്ഷം: 6921