തിരുവനന്തപുരം: ദീർഘകാലത്തെ കാത്തിരിപ്പിന് ശേഷം തലശേരി- മൈസൂർ
റെയിൽപാതയ്ക്ക് വീണ്ടും ചിറക് മുളയ്ക്കുമ്പോൾ വരുന്നത് പുതു ചരിത്രം! നദിയ്ക്കടിയിലൂടെ ടണൽ നിർമിച്ച് പാത യാഥാർത്ഥ്യമാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. അതോടെ 11.5 കിലോമീറ്റർ ദൂരത്തിൽ നദിക്കടിയിലൂടെ ട്രെയിൻ ഓടും! കർണാടകയുടെ സഹകരണത്തോടെയാകും ഇതിനായുള്ള ശ്രമങ്ങൾ.
കർണാടകത്തിലെ നാഗർഹോള, ബന്ദിപ്പൂർ വനമേഖലകൾക്കിടയിലൂടെ ഒഴുകുന്ന കബനീ നദിക്കടിയിലൂടെ 11.5 കിലോമീറ്ററിൽ ടണൽ വഴി റെയിൽപാത നിർമ്മിക്കണമെന്ന നിർദേശം കേരള റെയിൽ ഡവലപ്പ്മെന്റ് കോർപ്പറേഷൻ കർണാടക സർക്കാരിന് സമർപ്പിച്ചു. കേന്ദ്രസർക്കാരിനും കേരള സർക്കാരിനും 49:51 ശതമാനം ഓഹരി പങ്കാളിത്തമുള്ള സ്ഥാപനമാണിത്.
പാരിസ്ഥിതിക പ്രശ്നത്തെ ചൊല്ലിയുള്ള എതിർപ്പ് മറികടക്കുക കൂടിയാണ് ഭൂഗർഭ പാതയിലൂടെ ലക്ഷ്യമിടുന്നത്. നേരത്തെ തലശേരി, കൂത്തുപറമ്പ്, മാനന്തവാടി, കുട്ട വഴിയായിരുന്നു റെയിൽപാത നിർമ്മിക്കാൻ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ കർണാടക അതിർത്തിയിലെ കോഫീ പ്ളാന്റർമാർ എതിർപ്പ് ഉയർത്തിയിരുന്നു. തുടർന്നാണ് നദിക്കടിയിലൂടെയുള്ള ടണൽ എന്ന ആശയം ഉയർന്നത്.
ചെലവ് 6000 കോടി
മാനന്തവാടി, കേണിച്ചിറ, പുൽപ്പള്ളി വഴിയാണ് പാത പോകുന്നത്. 11.5 കിലോമീറ്രർ ടണലിന് മാത്രം 1200 കോടിയുടെ ചെലവ് വരുമെന്നാണ് കണക്കുകൂട്ടൽ. പാത നിർമിക്കാനുള്ള മൊത്തം ചെലവ് 6,000 കോടി. ഭൂമിയേറ്റെടുക്കലിനുള്ള ചെലവ് ഇതിനുപുറമേ.
സമയം കുറയും
റെയിൽപാത യാഥാർത്ഥ്യമായാൽ തലശേരിയിൽ നിന്ന് എളുപ്പത്തിൽ മൈസൂരും അതുവഴി ബംഗളൂരുവിലും എത്താം. കോഴിക്കോട്ടുള്ളവർക്കും ഒരു മണിക്കൂർ കൂടി സഞ്ചരിച്ചാൽ തലശേരി വഴി ബംഗളൂരുവിൽ എളുപ്പത്തിൽ എത്തിച്ചേരാനാവും. ഇപ്പോഴുള്ള മംഗലാപുരം- ബംഗളൂരു പാതയിലെ ചരക്ക് നീക്കം കപ്പാസിറ്രിയെക്കാൾ അധികമായതിനാൽ അധിക ചരക്ക് നീക്കവും ഇതുവഴിയാക്കാനാവും. നിലവിൽ തലശേരിയിൽ നിന്ന് കോഴിക്കോട്, ഷൊർണൂർ വഴി ട്രെയിൻ മാർഗം ബംഗളൂരുവിലെത്താൻ 15 മണിക്കൂറെടുക്കും. പുതിയ പാത വരികയാണെങ്കിൽ നാല് മണിക്കൂർകൊണ്ട് (207 കിലോമീറ്റർ ) മൈസൂരിലും തുടർന്ന് മൂന്ന് മണിക്കൂർകൊണ്ട് ബംഗളൂരുവിലും എത്താം. പത്തു മുതൽ പതിനഞ്ച് കിലോമീറ്രർ വരെയുള്ള ദൂരത്ത് സ്റ്രേഷനുകൾ അനുവദിക്കും.
ഡി.പി.ആർ, ട്രാഫിക് സ്റ്റഡി
കൊങ്കൺ റെയിൽ കോർപ്പറേഷനായിരുന്നു പദ്ധതിക്ക് വേണ്ടിയുള്ള ഡി.പി.ആർ തയാറാക്കിയത്. ലണ്ടൻ കേന്ദ്രീകരിച്ച ബഹുരാഷ്ട്ര കൺസൾട്ടിംഗ് കമ്പനിയായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് ആണ് ട്രാഫിക് സ്റ്റഡി നടത്തിയത്. ഈ റൂട്ട് വളരെ ലാഭകരമായിരിക്കുമെന്നാണ് പഠന റിപ്പോർട്ട്.
കാറുകളും ട്രെയിൻ വഴി
ഇപ്പോൾ വനമേഖലയിലൂടെ രാത്രി യാത്രയ്ക്ക് തടസമുള്ളതിനാൽ കാറുകൾ, മറ്രുവാഹനങ്ങൾ എന്നിവയെ പുതിയ റൂട്ടിലെ ട്രെയിൻ മാർഗം കൊണ്ടുപോകുന്ന സംവിധാനവും പരിഗണിക്കുന്നുണ്ട്. ഈ പദ്ധതിക്ക് മാത്രമായി സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിച്ചായിരിക്കും പാതയുടെ നിർമ്മാണം നടത്തുക.