മലബാർ സിമന്റ്സ് ഉത്പാദനം കൂട്ടും
തിരുവനന്തപുരം: സിമന്റ് വില പടിച്ചുനിർത്താൻ പൊതുമേഖലാ സ്ഥാപനമായ മലബാർ സിമന്റ്സിന്റെ ഉത്പാദനവും വിപണനവും കൂട്ടുമെന്ന് നിയമസഭയിൽ മന്ത്രി ഇ.പി. ജയരാജൻ. സിമന്റിന്റെ വിലനിയന്ത്രണ അധികാരം നിയമപരമായി സർക്കാരിന് ഏറ്റെടുക്കാനാവില്ല. സംസ്ഥാനത്ത് വിൽക്കുന്ന സിമന്റിൽ എട്ടു ശതമാനം പങ്കു മാത്രമേ മലബാർ സിമന്റ്സിനുള്ളൂ. അന്യസംസ്ഥാന കമ്പനികളുടെ സിമന്റ് വില നിയന്ത്രിക്കാൻ ഇടപെടാനാവില്ലെന്നും മന്ത്രി പറഞ്ഞു.
തമിഴ്നാട്ടിൽ 200 രൂപയ്ക്ക് അമ്മ സിമന്റ് അവിടത്തെ സർക്കാരിന്റേതായുണ്ട്.സ്വകാര്യ കമ്പനികൾക്ക് കടന്നുകയറാൻ മലബാർ സിമന്റ്സിന്റെ വിപണി തകർത്തു കളഞ്ഞു. മൂന്നുമാസമായി മലബാർ സിമന്റ്സിന്റെ ഉത്പാദനം നിലച്ചിരിക്കുകയാണ്. വിപണനത്തിൽ ഗുരുതര ക്രമക്കേടുകളുണ്ടായി. ഇത് അന്വേഷിക്കും. വടക്കൻ ജില്ലകളിൽ കടത്തുകൂലി കൂടുതലായതിനാൽ അവിടെ മലബാർ സിമന്റ്സ് ഉത്പാദനം തുടങ്ങും.
ഒരാഴ്ച മുൻപ് മലബാർ സിമന്റ്സ് വില ചാക്കൊന്നിന് 400 രൂപ ആയിരുന്നത് ഇപ്പോൾ 420 ആയിട്ടുണ്ട്. വിലനിയന്ത്രണം ആവശ്യപ്പെടാൻ സ്വകാര്യ സിമന്റ് കമ്പനി പ്രതിനിധികളുടെയും ഡീലർമാരുടെയും സ്റ്റോക്കിസ്റ്റുകളുടെയും യോഗം വിളിക്കുമെന്നും, സർക്കാരിന്റെ നിർമ്മാണങ്ങൾക്ക് മലബാർ സിമന്റ്സ് തന്നെ ഉപയോഗിക്കുന്നത് ഗുണകരമായിരിക്കുമെന്നും എൻ.ഷംസുദ്ദീന്റെ സബ്‌മിഷന് മന്ത്രി മറുപടി നൽകി.