(എന്നെ തല്ലേണ്ട - പരമ്പര ഒന്നാംഭാഗം )
എന്നെ അവന്മാര് നോട്ടമിട്ടിരിക്കുകയാണ്. മിക്കവാറും എനിക്കും പണികിട്ടും...'' ഒരു കെ.എസ്.ആർ.ടി.സി ജീവനക്കാരന്റെ പരാതിയാണിത്. ''കോർപ്പറേഷന്റെ നന്മയ്ക്കു വേണ്ടിയാണ് ഞാൻ പ്രവർത്തിച്ചത്. തച്ചങ്കരി സാർ എം.ഡിയായിരുന്നപ്പോൾ ഒരു ഡ്യൂട്ടി എന്നെ ഏൽപ്പിച്ചു. ഞാനത് നിർവഹിച്ചു. അദ്ദേഹം മാറിയപ്പോൾ ഞാനുൾപ്പെടെയുള്ളവർ യൂണിയൻകാരുടെ ശത്രുക്കളായി. "- അയാൾ വിശദീകരിച്ചു.
സംഭവം ഇത്രേയുള്ളൂ. കെ.എസ്.ആർ.ടി.സി എം.ഡിയായിരുന്നപ്പോൾ പൊലീസ് സ്റ്റൈലിൽ ഒരു ഇന്റലിജൻസ് വിഭാഗം ടോമിൻ ജെ. തച്ചങ്കരി രൂപീകരിച്ചിരുന്നു. സാൾട്ടർ ടീം എന്നായിരുന്നു അത് അറിയപ്പെട്ടിരുന്നത്. കെ.എസ്.ആർ.ടി.സിയുടെ ആദ്യരൂപമായ ട്രാവൻകൂർ ബസ് സർവീസ് ആരംഭിച്ച സാൾട്ടർ സായിപ്പിന്റെ സ്മരണയ്ക്കാണ് കഴിഞ്ഞ വർഷം ടീം രൂപീകരിച്ചത്. ഹെഡ് ഓഫീസ് കൊണ്ടുവരുന്ന പരിഷ്കാരങ്ങളെല്ലാം അട്ടിമറിക്കപ്പെട്ടതിനെ തുടർന്നാണ് സാൾട്ടർ ടീം രൂപീകരിച്ചത്. സർവീസുകൾ മുടങ്ങുന്നതിനു കാരണക്കാർ ആരൊക്കെ? സ്വകാര്യ ബസുകളുമായുള്ള ജീവനക്കാരുടെ ഇടപാടുകളെന്തൊക്കെ? തുടങ്ങിയവയൊക്കെ അന്വേഷിക്കാനാണ് സാൾട്ടർ ടീമിനെ രൂപീകരിച്ചത്. വിവിധ യൂണിറ്റുകളിൽനിന്ന് തിരഞ്ഞെടുത്ത വിശ്വസ്തരായ 94 പേരാണ് ടീമിലുണ്ടായിരുന്നത്.
കെ.എസ്.ആർ.ടി.സി ആസ്ഥാനത്തുനിന്ന് തച്ചങ്കരി പടിയിറങ്ങിയതിനു പിന്നാലെ ഡിപ്പോകളുടെ ഭരണം യൂണിയൻ നേതാക്കളുടെ കൈയ്യിലേക്കെത്തി. തച്ചങ്കരിയുടെ വിശ്വസ്തരായിരുന്ന ഉന്നത ഉദ്യോഗസ്ഥർ പോലും ഉരിയാടാതായി. ട്രാൻസ്പോർട്ട് ഭവന്റെ എം.ഡിയുടെ ഓഫീസിൽ ഇപ്പോൾ മീശ പിരിച്ചാണത്രേ യൂണിയൻ നേതാക്കൾ നടക്കുന്നത്. തച്ചങ്കരി എം.ഡിയായിരുന്നപ്പോൾ ആ പരിസരത്ത് എത്താതിരുന്നവർ വരെ കൂട്ടത്തിലുണ്ട്. അപ്പോൾ പിന്നെ തച്ചങ്കരിക്കു വേണ്ടി രഹസ്യാന്വേഷണം നടത്തിയവരെ വെറുതെ വിടുമോ?
യൂണിയൻ നേതാക്കൾ ചെയ്യുന്നതെല്ലാം തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയാണെന്നാണ് വയ്പ്പ്. ആരേയും അധിക ഡ്യൂട്ടി ചെയ്യിക്കേണ്ടെന്നാണ് ഡിപ്പോ മേധാവികൾക്ക് യൂണിയൻ നേതാക്കൾ നിർദേശം നൽകിയിരിക്കുന്നത്. മുമ്പ് ഓരോ ഡിപ്പോകളും യൂണിയൻ നേതാക്കളുടെ നിയന്ത്രണത്തിലായിരുന്നു. ചീഫ് ഓഫീസിൽ ഡ്യൂട്ടിക്രമീകരണത്തെ കുറിച്ചും കളക്ഷൻ വർദ്ധനവ് ഉണ്ടാക്കുന്നതിനെ കുറിച്ചുമൊക്കെ തീരുമാനം എടുക്കും. അത് നടപ്പിലാക്കേണ്ടത് മിഡിൽ മാനേജ്മെന്റ്. അതായത് ഡിപ്പോതലത്തിലെ ഉദ്യോഗസ്ഥർ. ഒന്നുകിൽ യൂണിയൻ നേതാക്കൾ, അല്ലെങ്കിൽ അവരുടെ പ്രതിനിധികൾ എല്ലാവരും പ്രമോഷൻ ലഭിച്ചു വരുന്നവർ. അവർ മുകൾത്തട്ടിലെ തീരുമാനം അട്ടിമറിക്കും. ബസ് 20 മിനിട്ട് വൈകി ഓടിയാൽ 10 മിനിട്ട് വൈകി എന്ന് എഴുതിവയ്ക്കും. സ്വകാര്യബസിന്റെ മുന്നിലോടാതെ നോക്കും. ഇതൊക്കെ നിരീക്ഷിച്ച് സാൾട്ടർ ടീം റിപ്പോർട്ടു ചെയ്തതോടെയാണ് കള്ളക്കളികൾ പൊളിഞ്ഞതും കെ.എസ്.ആർ.ടി.സിക്കു വരുമാനവർദ്ധനവ് വന്നതും.
ഇവിടെതൊഴിലാളി
അവിടെ മുതലാളി
രണ്ടു വർഷം മുമ്പ് കെ.എസ്.ആർ.ടി.സിയിൽ ഒരു വിജിലൻസ് പരിശോധന നടന്നു. ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്.
ജീവനക്കാരിൽ ചിലരുടെ പേരിൽ സ്വകാര്യബസുകളുണ്ട്. മറ്റ് ചിലർക്ക് സ്വകാര്യ ബസ് മുതലാളിമാരുമായി ചങ്ങാത്തവും. വിരമിച്ചവരിൽ ചിലരും ബസ് മുതലാളിമാരായി മാറിയിട്ടുണ്ട്. അഞ്ചു ബസുകൾവരെ സ്വന്തമായുള്ള ജീവനക്കാർ കോർപ്പറേഷനിൽ നിന്നും ശമ്പളം പറ്റുന്നുവെന്നും വിജിലൻസ് റിപ്പോർട്ടു നൽകിയിരുന്നു. ജീവനക്കാരിൽ ചിലർ റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നതായും റിപ്പോർട്ടുലുണ്ടായിരുന്നു. സ്വാഭാവികമായും ഇവർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് കരുതിയത്. അവിടേയും ഉന്നത ഇടപെടലുണ്ടായി. ഒന്നും സംഭവിച്ചില്ല.
അയാളെ തെറിപ്പിക്കും
നോക്കിക്കോ...
ടോമിൻ ജെ. തച്ചങ്കരി എം.ഡിയായപ്പോൾ സാധാരണ യാത്രക്കാരെ സംബന്ധിച്ചിടത്തോളം വലിയ പ്രതീക്ഷയൊന്നും ഉണ്ടായില്ല. കാരണം എപ്പോഴും കോർപ്പറേഷന നന്നാക്കണമെന്ന് പറയുകയും അതിനു വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്യുന്ന സർക്കാരിനെയാണ് ഏതു മുന്നണി വന്നാലും കാണുന്നത്. കോർപ്പറേഷൻ സി.എം.ഡി എന്ന നിലയിൽ കെ.എസ്.ആർ.ടി.സിയെ സ്മാർട്ടാക്കുന്ന പദ്ധതികളുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് യുവ ഐ.പി.എസുകാരിൽ ശ്രദ്ധേയനായ എം.ജി.രാജമാണിക്യത്തെ പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെ തെറിപ്പിച്ചത്. അതിനു ശേഷം നിയമിക്കപ്പെട്ട എ. ഹേമചന്ദ്രൻ ഇടക്കാലത്തേക്കാണെന്ന് ജീവനക്കാർക്കൊക്കെ അറിയാമായിരുന്നു. എങ്കിലും അദ്ദേഹം കോർപ്പറേഷനെ നവീകരിക്കാൻ തന്നെയാണ് ശ്രമിച്ചത്. പിന്നീടാണ് തച്ചങ്കരി. കോർപ്പറേഷനെ ലാഭത്തിലെത്തിക്കുന്നതിനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജനാണ് തച്ചങ്കരിയെ നിയോഗിച്ചത്. അതുകൊണ്ടു തന്നെ തച്ചങ്കരിയുടെ പരിഷ്കാരങ്ങളോട് അദ്യകാലത്ത് ഇടതു യൂണിയനുകൾ എതിർപ്പു പ്രകടിപ്പിച്ചില്ല
എന്നാൽ സിംഗിൾ ഡ്യൂട്ടി തുടങ്ങുമെന്നായതോടെ എതിർപ്പു തുടങ്ങി. തച്ചങ്കരിയെ മാറ്റുമെന്നും പകരം എ.ഡി.ജി.പി ശ്രിലേഖയെ പുതിയ സി.എം.ഡിയാക്കുമെന്നും കഥ യൂണിയൻ അംഗങ്ങൾക്കിടയിൽ പ്രചരിപ്പിച്ചു. ''അയാളെ ഞങ്ങൾ തെറിപ്പിക്കും. നോക്കിക്കോ യൂണിയൻ നേതാക്കൾ മുഖ്യമന്ത്രിയെ കാണാൻ പോയിട്ടുണ്ട്''- ഇങ്ങനെയാണ് ഒരു കണ്ടക്ടർ അന്ന് ആവേശത്തോടെ പറഞ്ഞത്. അന്ന് നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടു എന്നത് നേര്. എന്നാൽ തച്ചങ്കരിയെ മാറ്റാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്വന്തം നിലയ്ക്ക് ശമ്പളം ജീവനക്കാർക്ക് നൽകുന്ന നേട്ടം കോർപ്പറേഷൻ സ്വന്തമാക്കിയാൽ അത് സംസ്ഥാന സർക്കാരിന് നേട്ടമാണ്. ഏറ്റവും കൂടുതൽ ആശ്വാസം ലഭിക്കുക ധനവകുപ്പിനാണ്. കാരണം ശമ്പളം കൊടുക്കാൻ പണം ഇല്ലാതാകുമ്പോൾ കെ.എസ്.ആർ.ടി.സി നേരെ എത്തുന്നത് ധനവകുപ്പിലേക്കാണ്. ജനുവരിയിലെ ശമ്പളത്തിനുള്ള വക കോർപ്പറേഷൻ സ്വന്തമായി കണ്ടെത്തിയെന്നറിഞ്ഞപ്പോൾ ആശ്വാസം തോന്നിയത് ധനവകുപ്പിനു കൂടിയാണ്. അത് സർക്കാർ നയത്തിന്റെ വിജയമാണെന്ന തരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിക്കുകയും ചെയ്തു. ഒരാഴ്ച കഴിയും മുമ്പ് തച്ചങ്കരി തെറിച്ചു.
ആരു തല്ലിയാലും നന്നാവാത്ത കെ.എസ്.ആർ.ടി.സി നന്നാക്കിയെടുക്കാൻ സർക്കാർ തന്നെയാണ് തച്ചങ്കരിയെ നിയോഗിച്ചത്. സർക്കാർ ഉദ്ദേശിച്ച കാര്യങ്ങൾ നടപ്പിലാക്കുന്നതിനിടയിൽ അതേ സർക്കാർ തന്നെ എം.ഡിയെ തെറിപ്പിക്കുകയും ചെയ്തു. എന്തൊരു വിരോധാഭാസം !
( തുടരും )