ചിറയിൻകീഴ്: ചിറയിൻകീഴ് - തിരുവനന്തപുരം റൂട്ടിൽ ലാസ്റ്റ് സർവീസുകൾ പതിവായി മുടങ്ങുന്നത് യാത്രക്കാരെ വലയ്ക്കുന്നു. ആറ്റിങ്ങൽ ഡിപ്പോയിൽ നിന്ന് രാത്രി 7.40ന് ആരംഭിച്ച് ചിറയിൻകീഴിൽ നിന്നു 8ന് തിരുവനന്തപുരത്തേക്ക് പോകുന്ന സർവീസാണ് ഇപ്പോൾ പതിവായി മുടങ്ങുന്നത്. ഈ സർവീസാണ് രാത്രി 9.40ന് തിരുവനന്തപുരത്ത് നിന്ന് ചിറയിൻകീഴിലേക്ക് തിരിക്കുന്നതും വെളുപ്പിന് 5ന് ചിറയിൻകീഴിൽ നിന്നു തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്നതും. രാത്രി 9.40നുളള സർവീസ് ഇപ്പോൾ ഇല്ലാത്തത് കാരണം തിരുവനന്തപുരത്ത് നിന്ന് രാത്രി ഏഴ് മണിക്ക് ശേഷമുളള ബസ് പോയിക്കഴിഞ്ഞാൽ പിന്നെ ചിറയിൻകീഴ് ഭാഗത്തേക്ക് ബസ് ഇല്ലാത്ത അവസ്ഥയാണ്. സർവീസ് പതിവായി മുടങ്ങുന്നത് യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഇതുസംബന്ധിച്ച് നിരവധി പരാതികളും നിവേദനങ്ങളും അധികൃതർക്ക് മുമ്പിൽ എത്തിയെങ്കിലും ഉടൻ ശരിയാകുമെന്ന പതിവ് പല്ലവിയിലാണ് ബന്ധപ്പെട്ടവർ. എം പാനലുകാരെ പിരിച്ച് വിട്ടപ്പോൾ ഡ്യൂട്ടിക്ക് കണ്ടക്ടർമാരെ കിട്ടാത്തതാണ് സർവീസുകൾ മുടങ്ങാൻ കാരണമെന്നാണ് സൂചന. ഇതിനുപുറമേ ഈ റൂട്ടിലെ പല ഷെഡ്യൂളുകളിലും മാറ്റം വരുത്തിയതും കാലാകാലങ്ങളിൽ പല സർവീസുകളും നിറുത്തലാക്കിയതും ഇവിടെ യാത്രാക്ലേശം വർദ്ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്.
വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ഏറെ പ്രയോജനകരമായിരുന്ന ഏക ഫാസ്റ്റ് സർവീസും നിറുത്തലാക്കിയിട്ട് വർഷങ്ങളായി. രാത്രി 9.30ന് ചിറയിൻകീഴ് നിന്ന് തിരുവനന്തപുരത്തേക്ക് മുമ്പുണ്ടായിരുന്ന സർവീസ് പുനഃരാരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്. രാത്രിയിൽ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർക്ക് ഏറെ പ്രയോജനകരമായിരുന്നു ഈ സർവീസ്.