black-sand

ധാതുക്കൾ സ്വകാര്യ മേഖലയ്ക്കും നൽകാം

തിരുവനന്തപുരം: കരിമണൽ ഖനനം നിറുത്തില്ലെന്ന് മന്ത്രി ഇ.പി. ജയരാജനും വ്യവസ്ഥകൾ പാലിച്ചുള്ള ഖനനത്തെ എതിർക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നിയമസഭയിൽ പറഞ്ഞു. ഖനനം നിറുത്താനാവില്ലെന്ന അതേ നിലപാടാണ് പ്രതിപക്ഷത്തിനെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണനും ചൂണ്ടിക്കാട്ടി. കരിമണൽ കടത്തുന്നത് തടയുമെന്നും ഖനനം യാതാെരു കാരണവശാലും നിറുത്തിവയ്‌ക്കില്ലെന്നും സ്വകാര്യ മേഖലയ്ക്കു ധാതു ഘടകങ്ങൾ നൽകുന്നതിൽ തെ​റ്റില്ലെന്നും മന്ത്രി പറഞ്ഞു. ഐ.ആർ.ഇ പ്രത്യേക ആൾക്കേ അസംസ്‌കൃത വസ്തു കൊടുക്കാവൂ എന്ന് പറയാനാവില്ല.

കരിമണൽ കടത്ത് തടഞ്ഞാൽ സമരം അവസാനിക്കും. ക്ഷേത്രങ്ങൾ സ്ഥാപിച്ചു വരെ ഖനനം തടസപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്ന് അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയിൽ മന്ത്രി ജയരാജൻ വിശദീകരിച്ചു. ഖനനം മൂലമല്ല, സുനാമിയിലാണ് ആലപ്പാടിന്റെ ഭൂമി നഷ്ടമായത്. അതും സർക്കാരിന്റെ പിടലിക്ക് വയ്‌ക്കുന്നതു ശരിയല്ല. മുല്ലക്കര രത്നാകരൻ അദ്ധ്യക്ഷനായ നിയമസഭാ സമിതിയുടെ റിപ്പോർട്ടും വ്യവസ്ഥകൾക്കു വിധേയമായി ഖനനം ആകാമെന്നാണ്. ആലപ്പാട്ട് ഉടമ അറിയാതെ ഭൂമി ഏ​റ്റെടുത്തിട്ടില്ല. ഇതേപ്പറ്റി സർക്കാരിന് പരാതി ലഭിച്ചിട്ടില്ല. ചർച്ചയുടെ അടിസ്ഥാനത്തിൽ സീ വാഷിംഗ് താത്കാലികമായി നിറുത്തിയിട്ടുണ്ട്. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും.

ഐ.ആർ.ഇ ഖനനം ചെയ്യുന്ന കരിമണൽ പൊതുമേഖലാ സ്ഥാപനങ്ങൾക്കു നൽകാതെ കൊച്ചിയിലെയും തമിഴ്‌നാട്ടിലെയും സ്വകാര്യ സ്ഥാപനങ്ങൾക്ക് കൊടുക്കുകയാണെന്ന് അടിയന്തര പ്രമേയ നോട്ടീസ് നൽകിയ പി.ടി. തോമസ് ആരോപിച്ചു.

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വ്യവസ്ഥകൾ ലംഘിച്ച് കരിമണൽ ഖനനം നടത്തി ആലപ്പാട് പ്രദേശത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണെന്നാരോപിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി.

വ്യവസ്ഥകൾ പാലിച്ചുള്ള ഖനനത്തെ എതിർക്കില്ല : ചെന്നിത്തല

വ്യവസ്ഥകൾ പാലിച്ചുള്ള ഖനനത്തെ ആരും എതിർക്കുന്നില്ലെന്നും ആലപ്പാട്ടെ ഖനനം ഇതെല്ലാം ലംഘിച്ചാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിയമസഭാ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കണം. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വ്യവസ്ഥകൾക്ക് വിധേയമായാണു ഖനനാനുമതി നൽകിയിട്ടുള്ളത്. ധാതുക്കൾ വേർതിരിച്ച ശേഷമുള്ള വെള്ളമണൽ നിക്ഷേപിച്ച് ഇവിടം പൂർവ സ്ഥിതിയിലാക്കണമെന്ന വ്യവസ്ഥ കാ​റ്റിൽ പറത്തുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. ഭരണപക്ഷവും പ്രതിപക്ഷവും കുറ്റപ്പെടുത്തൽ തുടരുന്നതിനാൽ സ്പീക്കർ സ്ഥലം സന്ദർശിച്ച് രമ്യതയിലെത്തിക്കണമെന്ന് ബി.ജെ.പി എം.എൽ.എ ഒ. രാജഗോപാൽ ആവശ്യപ്പെട്ടു. എം.കെ. മുനീർ, കെ.എം. മാണി എന്നിവരും പ്രസംഗിച്ചു.