തിരുവനന്തപുരം: നൂറു വാർഡുകളിലായി കഴിഞ്ഞ സാമ്പത്തിക വർഷം 1.53 കോടി രൂപ ചെലവാക്കി 8600 കിച്ചൺ ബിന്നുകൾ സ്ഥാപിച്ചെന്ന ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാറിന്റെ അവകാശവാദത്തെ ഖണ്ഡിച്ച് ബി.ജെ.പി രംഗത്ത്. മുൻ നിശ്ചയിച്ച പ്രകാരം 7,233 ബിന്നുകൾ കൂടി സ്ഥാപിക്കുന്നതിന് 1.30 കോടി രൂപ അനുവദിക്കുന്ന വിഷയം ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിന്റെ പരിഗണനയ്ക്കെത്തിയപ്പോഴാണ് ബി.ജെ.പി അംഗം കരമന അജിത്ത് ആരോപണവുമായി രംഗത്തെത്തിയത്. കരമന ഹെൽത്ത് സർക്കിളിന്റെ പരിധിയിൽ വരുന്ന നാലു വാർഡുകളായ കരമന, മേലാറന്നൂർ, നെടുങ്കാട്, കാലടി വാർഡുകളിലായി 160 കിച്ചൺ ബിന്നുകളാണ് സ്ഥാപിച്ചത്. ഇതിൽ കാലടി വാർഡിൽ മാത്രം 117 ബിന്നുകൾ സ്ഥാപിച്ചു. എന്നാൽ നഗരസഭ പരിപാലന ചുമതല നിർവഹിക്കാത്തതിനാൽ 36 പേർ ഇത് തിരിച്ചെടുക്കണമെന്ന് കൗൺസിലറോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഉറവിടമാലിന്യ സംസ്‌കരണത്തിന്റെ മറവിൽ കിച്ചൺബിന്നുകൾ സ്ഥാപിക്കുന്ന പദ്ധതിയെ പണംകായ്ക്കുന്ന മരമായി ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി അധികൃതർ കാണുകയാണെന്നും കോടികൾ തട്ടിയെടുക്കുകയാണെന്നും അജിത്ത് ആരോപിച്ചു. അഴിമതി ഉണ്ടെങ്കിൽ സി.ബി.ഐ അന്വേഷണം നടത്തി തെളിയിക്കണമെന്ന് ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാർ വെല്ലുവിളിച്ചു. വിഷയത്തെ നിയമപരമായി നേരിടുമെന്ന് തിരുമല അനിൽ മറുപടി നൽകി. എന്നാൽ ആരോപണം ഉന്നയിക്കുന്നവർ തെളിവ് ഹാജരാക്കണമെന്ന വാദമുയർത്തി ആർ.പി. ശിവജി ഭരണപക്ഷത്തിന് വേണ്ടി പ്രതിരോധം തീർത്തു. അടിസ്ഥാനരഹിതരമായ ആരോപണങ്ങൾ ഉന്നയിക്കരുതെന്ന് മേയർ വി.കെ. പ്രശാന്തും ആവശ്യപ്പെട്ടു. കിച്ചൺ ബിന്നുകളിലൂടെ മാലിന്യപ്രശ്നത്തിന് ഒരുപരിധിവരെ പരിഹാരം കണ്ടെത്താൻ സഹായിച്ചെന്ന് യു.ഡി.എഫ് അംഗം ജോൺസൺ ജോസഫും പറഞ്ഞു. ഇതിനിടെ ബി.ജെ.പി അംഗം എസ്.കെ.പി. രമേശ് രാഷ്ട്രീയ ആരോപണം ഉന്നയിച്ചതോടെ ബി.ജെ.പി - സി.പി.എം അംഗങ്ങൾ തമ്മിൽ വാദപ്രതിവാദമായി. അഴിമതി ഉന്നയിച്ച ശേഷം ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് വിഷയത്തെ വഴിതിരിച്ചുവിടുന്നത് ശരിയല്ലെന്ന് യു.ഡി.എഫ് നേതാവ് ഡി.അനിൽകുമാർ പറഞ്ഞു. എം.ആർ.ഗോപൻ, വി.ഗിരി, തിരുമല അനിൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വദേശി ദർശൻ പരിപാടിയിൽ നിന്ന് ബി.ജെ.പി ഇതര ജനപ്രതിനിധികളെ ഒഴിവാക്കിയ നടപടിക്കെതിരെ കഴിഞ്ഞ കൗൺസിൽ യോഗത്തിൽ തീപ്പൊരി പ്രസംഗം നടത്തി സോഷ്യൽ മീഡിയയിൽ ഇടം നേടിയ യു.ഡി.എഫ് കൗൺസിലർ വി.ആർ. സിനിക്ക് മറുപടിയുമായി ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് എം.ആർ. ഗോപൻ രംഗത്ത്. നരേന്ദ്രമോദിയെ വിമർശിച്ചപ്പോൾ കൗൺസിൽ യോഗത്തിൽ പങ്കെടുത്ത ബി.ജെ.പി അംഗങ്ങൾ കണ്ടംവഴി ഓടിയെന്നാണ് കോൺഗ്രസുകാർ പ്രചരിപ്പിക്കുന്നത്. കാലാകാലങ്ങളിൽ പാർട്ടിമാറി മത്സരിച്ചും നിർണായക ഘട്ടങ്ങളിൽ ഭരണപക്ഷത്തെ സഹായിച്ചും നിലപാട് സ്വീകരിക്കുന്നവർക്ക് ബി.ജെ.പിക്കാരെ വിമർശിക്കാൻ അർഹതയില്ലെന്നായിരുന്നു ഗോപന്റെ വാദം. മോദിക്കെതിരെ ഉന്നയിച്ച വിമർശനങ്ങളിൽ ഉറച്ചുനിൽക്കുന്നതായും ഒരിക്കൽ പറഞ്ഞ കാര്യങ്ങൾ ജനശ്രദ്ധ കിട്ടാൻ വേണ്ടി പ്രചരിപ്പിക്കുന്ന സ്വഭാവം തനിക്കില്ലെന്നും സിനി പറഞ്ഞു.
പൊങ്കാലയ്ക്ക് മുന്നോടിയായി ആറ്റുകാൽ ക്ഷേത്രത്തിന് മുന്നിലുള്ള റോഡിൽ ആരംഭിച്ച പണി തടസപ്പെടുത്തിയത് മേയറുടെ അറിവോടെയാണോയെന്ന് വാർഡ് കൗൺസിലർ ബീന. ആർ.സി ആരോപിച്ചു. ക്ഷേത്രത്തിന് മുന്നിലെ റോഡ് ഇന്റർലോക്ക് ചെയ്യുന്ന പ്രവർത്തനങ്ങളാണ് ചിലർ തടസപ്പെടുത്തിയത്. ഒരു വർഷം മുമ്പ് പണിചെയ്‌ത റോഡിൽ വീണ്ടും പണിചെയ്യേണ്ട കാര്യമില്ലെന്നാണ് പ്രാദേശിക സി.പി.എം പ്രവർത്തകർ പറയുന്നത്. തിങ്കളാഴ്ച രാവിലെ ജോലിക്കാരെത്തിയെങ്കിലും ഗതാഗതം തടസപ്പെടുത്തി പണിചെയ്യരുതെന്ന് ഒരു കൂട്ടർ ആവശ്യപ്പെട്ടതിനെ തുടർന്ന് രാത്രിയിൽ പണി ആരംഭിച്ചെങ്കിലും പണി തടസപ്പെടുത്തിയതായി കൗൺസിലർ ആരോപിച്ചു.