ആറ്റിങ്ങൽ: സംസ്ഥാന പട്ടികജാതി - പട്ടികവർഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ 23 മുതൽ മാർച്ച് 4 വരെ ആറ്റിങ്ങൽ മാമം മൈതാനത്ത് ആരംഭിക്കുന്ന 'ഗദ്ദിക' പ്രദർശന വിപണനമേളയുടെ സ്വാഗത സംഘം ഓഫീസ് ആറ്റിങ്ങൽ നഗരസഭാ കാര്യാലയത്തിൽ മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്തു.അഡ്വ. ബി. സത്യൻ എം.എൽ.എ ,നഗരസഭാ ചെയർമാൻ എം. പ്രദീപ്, പട്ടികവർഗ വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ എസ്. സജു, കൗൺസിലർമാർ, വിവിധ കമ്മിറ്റികളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.പട്ടികജാതി -പട്ടികവർഗ വിഭാഗക്കാരുടെ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുക, പാരമ്പര്യ ചികിത്സയും ഭക്ഷ്യരീതിയും പരിചയപ്പെടുത്തി ഗോത്ര സംസ്‌കൃതിയുടെ പാരമ്പര്യവും പ്രാധാന്യവും ബോദ്ധ്യപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. മേള 23 ന് വൈകിട്ട് ഗവർണർ പി. സദാശിവം ഉദ്ഘാടനം ചെയ്യും.ഗോത്രവർഗക്കാരുടെ തനത് ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും, ഗോത്രകലകളുടെ പ്രദർശനം, ആവിക്കുളി, നാട്ടുവൈദ്യം, പാരമ്പര്യ ചികിത്സ, കിർത്താഡ്‌സിന്റെ ഗോത്രവർഗ മ്യൂസിയം, ഇതര സംസ്ഥാനങ്ങളിലെ ഗോത്രവർഗക്കാരുടെ കലാരൂപങ്ങൾ എന്നിവ മേളയിലുണ്ടാകും.പ്രശസ്തരായ കലാകാരന്മാരുടെ കലാസന്ധ്യ, സാഹിത്യ സായാഹ്നം, പൊതുസമ്മേളനം, ഗോത്രവർഗക്കാരുടെ ഭക്ഷ്യമേള എന്നിവയുമുണ്ടാകും. പട്ടികജാതി വകുപ്പിന്റെ 60 സ്റ്റാളുകളും പട്ടികവർഗ വകുപ്പിന്റെ 20 സ്റ്റാളുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.