നെടുമങ്ങാട് : സംസ്ഥാന സർക്കാരിന്റെ പ്രത്യേക പദ്ധതി അനുസരിച്ച് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിന്റെ സഹായത്തോടെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കാൻസർ കെയർ യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു.രോഗം സ്ഥിരീകരിച്ച് ആർ.സി.സിയിലോ, മെഡിക്കൽ കോളേജിലോ ചികിത്സ തുടങ്ങിയവരുടെ തുടർ കീമോ തെറാപ്പി ചികിത്സയും ഗർഭാശയ കാൻസർ കണ്ടുപിടിക്കുന്നതിനുള്ള സ്‌ക്രീനിംഗ് ടെസ്റ്റും ഇനിമുതൽ ജില്ലാ ആശുപത്രിയിലെ 'ഡേ കെയർ കീമോ തെറാപ്പി യൂണിറ്റിൽ' നടത്തും.നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഉദ്ഘാടനം നിർവഹിച്ചു.ആശുപത്രി സൂപ്രണ്ട് ഡോ. എം.ജെ. അജൻ റിപ്പോർട്ട് അവതരിപ്പിച്ചു.സെക്കൻഡറി പാലിയേറ്റിവ് യൂണിറ്റിനോടനുബന്ധിച്ചു പെയിൻ ക്ലിനിക്, ലിംഫ് എഡിമ ക്ലിനിക്, ഓസ്‌റ്റോമി ക്ലിനിക് എന്നിവയും പ്രവർത്തനം ആരംഭിച്ചതായി ജില്ലാ ആശുപത്രി സൂപ്രണ്ട് അറിയിച്ചു.നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ഹരികേശൻ നായർ , ജില്ലാ പഞ്ചായത്തംഗം മായാദേവി, ഡി.എം.ഒ പി.പി പ്രീത, ജില്ലാ ആശുപത്രി കാൻസർ കെയർ യൂണിറ്റ് ഇൻ -ചാർജ് ഡോ.എൻ.സുനിത, നഗരസഭ കൗൺസിലർമാരായ ടി.അർജ്ജുനൻ,സി.സാബു, എച്ച്.എം.സി അംഗങ്ങളായ അഡ്വ.എസ് അരുൺകുമാർ, എം.സി.കെ നായർ, കെ.സോമശേഖരൻ നായർ,ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.സുഭാഷ് എന്നിവർ പ്രസംഗിച്ചു.