rail

തിരുവനന്തപുരം: നാല് മണിക്കൂർകൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസർകോട്ട് എത്തിച്ചേരുന്ന സെമി ഹൈ സ്‌‌പീഡ് റെയിൽ പാതയ്ക്കായി ഏറ്രെടുക്കേണ്ടിവരുന്നത് 3,631ഏക്കർ ഭൂമി! കേരളത്തിൽ സ്ഥലമെടുപ്പിന്റെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് നഗരങ്ങളിൽ എലിവേറ്റഡ‌് പാത (തൂണുകൾ നിർമിച്ച് അതിന് മുകളിൽ പാളങ്ങൾ) നിർമിക്കാൻ ആലോചന. ഇതിലൂടെ നഗരങ്ങളിൽ ഭൂമിയേറ്റെടുക്കലും ഒഴിപ്പിക്കലും പുനരധിവാസവും സംബന്ധിച്ച തർക്കങ്ങൾ ഒഴിവാക്കാനാവുമെന്ന് കണക്കുകൂട്ടൽ. പദ്ധതി സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചേർന്നുണ്ടാക്കിയ കേരള റെയിൽ ഡവലപ്പ്മെന്റ് കോർപ്പറേഷനാണ് (കെ.ആർ.ഡി.സി എൽ) നിർമാണ ചുമതല. കാസർകോട് വരെ 515 കിലോമീറ്രർ ദൂരത്തിലാണ് ഇരട്ട റെയിൽപാത നിർമിക്കുന്നത്.

ഭൂമി ഏറ്റെടുക്കലാവും നേരിടുന്ന ഏറ്രവും വലിയ പ്രതിബന്ധമെന്ന് അധികൃതർക്കറിയാം. അതുകൊണ്ട് നിലവിലുള്ള രണ്ടുവരി റെയിൽ പാതയോട് ചേർന്ന് പുതിയ പാത ഉണ്ടാക്കുന്നതിനെക്കാൾ നഗര പ്രദേശങ്ങളിൽ നിന്ന് മാറിയുള്ള പാതയ്ക്കാണ് കെ.ആർ.ഡി.സി.എല്ലിന് താത്പര്യം. 12,000 കോടി രൂപ ഭൂമിയേറ്രെടുക്കലിന് വേണ്ടിവരുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ. സ്റ്രേഷനുകൾക്ക് ഉൾപ്പെടെയാണിത്.

180 കി.മീറ്ററിൽ കൂകിപ്പായും

നേരത്തെ ഡി.എം.ആ‌ർ.സി നടത്തിയ പഠനത്തിൽ ഹൈ സ്‌‌പീഡ് റെയിൽ കോറിഡോർ പണിയാനായിരുന്നു തീരുമാനം. മണിക്കൂറിൽ 350 കിലോമീറ്രർ വേഗതയിൽ ഡിസൈൻ ചെയ്ത് ശരാശരി 300 കി.മീറ്രറിൽ ട്രെയിൻ ഓടിക്കാനായിരുന്നു പരിപാടി. ഒരു സ്റ്രേഷനിൽ നിറുത്തി പരമാവധി വേഗമെത്താൻ 10-15 മിനിട്ട് എടുക്കുമെന്നതിനാൽ വളരെക്കുറച്ച് സ്റ്രേഷനുകളേ ഇതിലുണ്ടാവുമായിരുന്നുള്ളൂ. ഇതിനോട് സർക്കാർ യോജിച്ചില്ല. തുടർന്നാണ് മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ ഡിസൈൻ ചെയ്ത് 180 കിലോമീറ്ററിൽ പോകുന്ന സെമി ഹൈ സ്‌‌പീഡ് ട്രെയിൻ ആസൂത്രണം ചെയ്തത്. ശരാശരി 125 കിലോമീറ്രർ വേഗതയുണ്ടാകും.

സ്റ്റേഷനുകൾ

തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, വളാഞ്ചേരി/തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാവും സ്റ്രേഷനുകൾ. ഫ്രഞ്ച് കൺസൾട്ടൻസി കമ്പനിയായ സിസ്ട്രയാണ് ഇതിനായി സാദ്ധ്യതാ പഠനം നടത്തുന്നത്. അന്തിമ റിപ്പോർട്ടിന് മുമ്പ് മാത്രമേ സ്റ്റേഷനുകൾ എവിടെ വേണമെന്ന അവസാന തീരുമാനമെടുക്കൂ. ജൂൺ മാസത്തോടെ വിശദ റിപ്പോർട്ട് തയാറാക്കും.

സ്മാർട്ട് ടൗൺഷിപ്പുകൾ

200- 300 ഏക്കർ സ്ഥലം ഏറ്രെടുക്കാൻ കഴിയുന്ന സ്ഥലങ്ങളിൽ ലാൻഡ് ബാങ്കുകൾ രൂപീകരിച്ച് അവിടെ വാണിജ്യ കേന്ദ്രങ്ങൾ പണിയാൻ ശ്രമം നടത്തും. ഈ സ്ഥലങ്ങളെ മറ്ര് റെയിലുകൾ വഴി സെമി ഹൈ സ്‌‌പീഡ് റെയിലുമായി ബന്ധിപ്പിക്കും. ഇവയെ സ്മാർട്ട് ടൗൺഷിപ്പുകളാക്കി മാറ്രി വരുമാനമുണ്ടാക്കും.

തുടക്കം

2022ൽ

പൂർത്തിയാവുന്നത്

2027ൽ

നിരക്കുകൾ

എ.സി ത്രീ ടയർ നിരക്ക്

ചെലവ്

50,000 കോടി

യാത്ര

700 പേർക്ക് ഒരു ട്രെയിനിൽ

സമയം

തിരക്കുള്ള സമയത്ത് അര മണിക്കൂറിൽ ഒന്ന്

അല്ലാത്ത സമയത്ത് ഒരു മണിക്കൂർ ഇടവിട്ട്

''നിക്ഷേപത്തിന്റെ 26 ശതമാനം കേരള -കേന്ദ്ര സർക്കാരുകൾ വഹിക്കും. ബാക്കി തുക ജപ്പാൻ ബാങ്കിൽ നിന്ന് വായ്പയെടുക്കാനാണ് ശ്രമം. 2022 ഓടെ ഭൂമി ഏറ്രെടുത്തുകഴിഞ്ഞാൽ 2027 ആകുമ്പോഴേക്കും സെമി ഹൈ സ്‌‌പീ‌ഡ് റെയിൽ കേരളത്തിൽ യാഥാർത്ഥ്യമാകും.

അജിത് കുമാർ, എം.ഡി, കേരള റെയിൽ ഡവലപ്പ്മെന്റ് കോർപ്പറേഷൻ