ആറ്റിങ്ങൽ: സോളാർ ഊർജ്ജത്തിലൂടെ ആയിരം മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി എം.എം. മണി പറഞ്ഞു. ആറ്റിങ്ങൽ നഗരസഭയിലെ പഴയ ബ്ലോക്കും നഗരസഭ ലൈബ്രറി ഹാളും പൂർണമായും സോളാർവത്കരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ലൈഫ് പദ്ധതിയിലൂടെ പൂർത്തിയാക്കിയ 43 വീടുകളുടെയും പി.എം.എ.വൈ പദ്ധതിയിലൂടെ നഗരസഭാ പരിധിയിൽ നിർമ്മിച്ച 80 ഭവനങ്ങളുടെയും താക്കോൽ ദാനവും തുടർന്ന് നഗരസഭാ ഓഫീസിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി ഏർപ്പെടുത്തിയ പഞ്ചിംഗ് സംവിധാനത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നടത്തി. ബി. സത്യൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. ഡോ. എസ്. ഭാസി രാജ് സാംസ്കാരികോത്സവം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ആർ.എസ്. രേഖ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ആർ. രാജു, എ. റുഖൈനത്ത്, എസ്. ജമീല, അവനവൻചേരി രാജു, സി. പ്രദീപ്, മുൻ ചെയർമാൻ സി.ജെ. രാജേഷ് കുമാർ, സെക്രട്ടറി ആർ. പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.