യോഗശാസ്ത്രത്തിൽ ശിവനെ ഈശ്വരനായല്ല, ആദിയോഗിയായിട്ടാണ് ആരാധിക്കുന്നത്. മാനവരാശിക്കായി ആദിയോഗി ചെയ്തിട്ടുള്ള സംഭാവനകളെക്കുറിച്ചും, ആദിയോഗിയുടെ മഹത്വത്തെക്കുറിച്ചും മാനവരാശി മനസിലാക്കാനായി ലോകത്തിന്റെ നാലുകോണിലും ഓരോ ആദിയോഗി പ്രതിമ സ്ഥാപിക്കപ്പെടുന്നു.
എണ്ണായിരം മുതൽ പന്തീരായിരം വർഷങ്ങൾക്കു മുൻപുതന്നെ ദക്ഷിണ അമേരിക്കയിൽ ലിംഗാരാധന പ്രചാരത്തിലുണ്ടായിരുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു. ടർക്കിയിലും ഉത്തരാഫ്രിക്കയിലും ലിംഗാരാധന നിലനിന്നിരുന്നു. ലോകത്തിൽ മിക്കവാറും എല്ലായിടത്തും സർപ്പാരാധനയും പ്രചാരത്തിലുണ്ടായിരുന്നു. കഴിഞ്ഞ ഇരുപത് നൂറ്റാണ്ടുകളായിട്ടാണ് ഇവയ്ക്ക് മാറ്റം വന്നത്. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും അത് നാമാവശേഷമായി.
ആദിയോഗി ആവിഷ്കരിച്ച യോഗശാസ്ത്രത്തിന്റെ പ്രഭാവം സ്പർശിക്കാത്ത ഒരു മനുഷ്യസമൂഹവും ലോകത്തിലില്ല. യോഗ ലോകമെങ്ങും വ്യാപിച്ചിരുന്നെങ്കിലും പല കാലങ്ങളിലായി യോഗശാസ്ത്രത്തിനു തളർച്ചകൾ ബാധിച്ചിട്ടുണ്ട് . എന്നാൽ, ഇപ്പോളത് ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണ്.
ആദിയോഗിയുടെ യോഗശാസ്ത്രത്തിന്റെ ഗുണഭോക്താക്കളാണ് ലോകത്തിൽ വികസിച്ചിട്ടുള്ള ഓരോ സംസ്കാരവും. ഒരു ഭരണകൂടവും ഇതിന്റെ പ്രചരണത്തിനായി മുൻകൈയെടുത്തിട്ടില്ല. യോഗത്തിന്റെ തനതായ ശക്തിയും പ്രഭാവവും ഫലസിദ്ധിയും തന്നെയാണ് അതിന്റെ നിലനില്പിനു നിദാനം.
ആദിയോഗിക്ക് അദ്ദേഹം അർഹിക്കുന്ന അംഗീകാരം കിട്ടിയിരിക്കണം. ഞാൻ മരിക്കുന്നതിനു മുൻപേ ആ ആഗ്രഹം സഫലമാകണം. ആ പ്രയത്നത്തിന്റെ ഭാഗമായിട്ടാണ്, പല ഭാഗങ്ങളിലായി 21 അടി ഉയരത്തിലുള്ള ആദിയോഗി പ്രതിമകൾ സ്ഥാപിക്കാൻ ഞാനൊരുമ്പെടുന്നത്. പ്രതിമകൾ തയ്യാറായി വരികയാണ്. ഓരോ പ്രതിമയോടൊപ്പവും 111 അടി നീളവും 111 അടി വീതിയുമുള്ള ഒരു വേദിയും വൈദീക വിധിപ്രകാരം പ്രതിഷ്ഠിച്ചിട്ടുള്ള ഒരു ശിവലിംഗവുമുണ്ടായിരിക്കും. സാധകനെ ധ്യാനനിരതനാക്കാനുള്ള ചൈതന്യപ്രഭാവം അതിൽ നിന്നും പ്രസരിച്ചുകൊണ്ടേയിരിക്കും. ഈ മണ്ഡപം സ്ഥാപിക്കാൻ പോകുന്നത് യു.എസിലെ ടെന്നസി ആശ്രമത്തിനു സമീപമാണ്. സിനോസേയിലും സിയാറ്റിലും ടൊറൊന്റോയിലുമായിരിക്കും തുടർന്നുള്ള പ്രതിഷ്ഠകൾ. യു.എസിൽ മാത്രം 50 ആദിയോഗി പ്രതിഷ്ഠകൾ. പല നഗരങ്ങളിലും അന്വേഷണങ്ങൾ നടത്തുന്നുണ്ട്. ഓരോ സംസ്ഥാനത്തിലും ഓരോ പ്രതിമ.
ഇന്ത്യയിലെ ആദിയോഗി
പ്രതിമകൾ
ആവശ്യവുമായി മുന്നോട്ടുവരുന്നവർ നിർദ്ദേശിക്കുന്ന സ്ഥലത്ത് പ്രതിമാസ്ഥാപനം നടത്തണമെന്നാണ് ഞങ്ങൾ കരുതുന്നത്. ഭാരതത്തിന്റെ നാലുകോണുകളിലായി 112 അടി ഉയരത്തിൽ ഓരോ ആദിയോഗി പ്രതിമ സ്ഥാപിക്കണം. അരുണാചലപ്രദേശിലെ സർക്കാർ ആവശ്യവുമായി സമീപിച്ചിട്ടുണ്ട്. ഇന്ത്യയിൽ സൂര്യകിരണങ്ങൾ ആദ്യം പതിക്കുന്നത് അരുണാചലപ്രദേശത്താണല്ലോ. ഇന്ത്യയിൽ ആദ്യമായെത്തുന്ന സൂര്യകിരണം ആദിയോഗി പ്രതിമയുടെ മുഖത്തായിരിക്കണം എന്ന് ഞാനാഗ്രഹിക്കുന്നു. ജാതിമത വർണ ലിംഗ വ്യത്യാസമെന്യേ എല്ലാവരും മാനവജാതിക്കുവേണ്ടി ആദിയോഗി നൽകിയിട്ടുള്ള സംഭാവനകൾ തിരിച്ചറിയണം. ആദരിക്കണം.
മനുഷ്യൻ എന്ന നിലയിലുള്ള പരിമിതികൾക്കപ്പുറത്തേക്ക് കടന്ന മഹാപുരുഷനായിട്ടാണ് ആദിഗുരുവിനെ ആരാധിക്കേണ്ടത്. ഈശ്വരനായിട്ടല്ല. മനുഷ്യന്റെ സർവസാദ്ധ്യതകളുടെയും സാക്ഷാത്കാരമായിരുന്നു ആദിയോഗി. മനുഷ്യന് അസാധ്യമായിട്ടുള്ളത് എന്തെല്ലാമാണോ അതെല്ലാം അദ്ദേഹം സാധിച്ചു. മനുഷ്യനു അവന്റെ സാദ്ധ്യതകളുടെ ജാലകം ആദ്യമായി തുറന്നുകാട്ടിയത് ആദിയോഗിയാണ്. അതിന് വഴികളും രീതികളും അദ്ദേഹം അവതരിപ്പിച്ചു. എങ്ങനെ അത് പ്രായോഗികമാക്കാമെന്നും പഠിപ്പിച്ചു. മനുഷ്യമനസിനു ഇത്രയും മഹത്തായ സംഭാവനകൾ മുമ്പോ പിൻപോ ആരും ചെയ്തിട്ടില്ല.
112 അടി ഉയരത്തിൽ നിർമ്മിക്കുന്ന മൂന്ന് ആദിയോഗി പ്രതിമകളിൽ ഒന്ന് ഉത്തരഖണ്ഡത്തിൽ സ്ഥാപിക്കണമെന്ന് കരുതുന്നു. ഹരിദ്വാറിലേക്കുള്ള വഴിയിൽ. രണ്ടാമത്തേത് കന്യാകുമാരിയിലാവണം. മൂന്നാമത്തേത് രാജസ്ഥാനിൽ. ഇന്ത്യ-പാക് അതിർത്തിക്കരികിൽ, നാടിന്റെ നാല് കോണുകളിലായി നാല് ഊക്കൻ ആദിയോഗി പ്രതിമകൾ.
ആദിയോഗിയെക്കുറിച്ച് ഒരു പുസ്തകവും ഞങ്ങൾ തയ്യാറാക്കുന്നുണ്ട്. അദ്ദേഹത്തെ മനുഷ്യനായി തന്നെ കാണണം. എങ്കിൽ മാത്രമേ അദ്ദേഹത്തെ മാതൃകയാക്കി നമുക്ക് നമ്മെ സ്വയം വാർത്തെടുക്കാനാവൂ. രാമൻ, കൃഷ്ണൻ, ബുദ്ധൻ, യേശു ആ നിര നീണ്ടുപോകുന്നു. എന്നാൽ, അവരെല്ലാം നമ്മുടെ സങ്കല്പത്തിലെ ദൈവങ്ങളാണ്. അതുകൊണ്ടുതന്നെ അവരുടെ വാക്കുകൾ അനുസരിക്കാനോ വഴികൾ പിൻതുടരാനോ നമ്മൾ തയ്യാറാവുന്നില്ല. കാരണം, ''അവർ ദൈവങ്ങൾ, നമ്മൾ മനുഷ്യർ, അവരെക്കൊണ്ടായതൊന്നും നമ്മളെ കൊണ്ടാവില്ല" എന്ന വേർതിരിവാണ്. സ്വന്തം ജീവിത പശ്ചാത്തലം എന്തുതന്നെയായാലും ഓരോ മനുഷ്യനും ഈ ഔന്നത്യത്തിലേക്കെത്താൻ കഴിയുമെന്ന് ആദിയോഗി നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. വേണ്ടത് ആത്മാർത്ഥ പരിശ്രമം മാത്രം. ഒരു മനുഷ്യനും മനുഷ്യനായി മാത്രം കഴിയാൻ ജനിച്ചവനല്ല - അതിനപ്പുറത്തേക്ക് ചെല്ലാനുള്ള സാദ്ധ്യതകളെ യോഗശാസ്ത്രത്തിലൂടെ ആദിഗുരു ബോദ്ധ്യപ്പെടുത്തുന്നു. അവയെ വളർത്തിയെടുക്കാനും സഫലീകരിക്കാനുമുള്ള മാർഗ്ഗങ്ങളും നമ്മെ പഠിപ്പിക്കുന്നു. ഈ ഓർമ്മപ്പെടുത്തലാണ് ആദിയോഗിയുടെ പ്രതിമാ സ്ഥാപനത്തിലൂടെ ലക്ഷ്യമാക്കുന്നത്.
( ഇന്ത്യയിൽ ഏറ്റവും സ്വാധീനമുള്ള 50 വ്യക്തികളിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട സദ്ഗുരു, യോഗിയും ആത്മജ്ഞാനിയും ദീർഘദർശിയും ബെസ്റ്റ് സെല്ലിംഗ് ഓതറുമാണ്. അദ്ദേഹത്തിന്റെ വിശിഷ്ട സേവനത്തിന് ഭാരത സർക്കാർ 2017ൽ പദ്മവിഭൂഷൺ ബഹുമതി നൽകി ആദരിച്ചു )