collection

കിളിമാനൂർ: 2017-18 ജനകീയാസൂത്രണ പദ്ധതി പ്രകാരം പഴയകുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് നടപ്പാക്കാൻ ഉദ്ദേശിച്ച പ്ലാസ്റ്റിക് മാലിന്യ സംഭരണശാല കെട്ടിടത്തിന്റെ ഉദ്ഘാടനത്തിൽ ഒതുങ്ങിയെന്ന് ആക്ഷേപം. ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷത്തോളം ആയിട്ടും പഴയകുന്നുമ്മൽ പബ്ലിക് മാർക്കറ്റിൽ സ്ഥാപിച്ച മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററിൽ ഒരു തുണ്ട് പ്ലാസ്റ്റിക് പോലും സംഭരിക്കാനായിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. ഓരോ വാർഡിലും കുടുബശ്രീയിൽ നിന്നു രണ്ട് പേർ വീതമുള്ള ഹരിത കർമ്മ സേന പ്ലാസ്റ്റിക് സംഭരണത്തിനായി രൂപീകരിച്ചിരുന്നു. എന്നാൽ ഹരിത കർമ്മ സേന സംഭരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ഫെസിലിറ്റി സെന്ററിൽ എത്തിക്കാതെ പല സ്ഥലങ്ങളിലായി കൂട്ടിയിട്ടിരിക്കുകയാണ്.

പഴയകുന്നുമ്മൽ ഗ്രാമ പഞ്ചായത്തിന്റെ സിരാ കേന്ദ്രമായ കിളിമാനൂർ ജംഗ്ഷനിൽ മാത്രം പലയിടങ്ങളിലായി പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടി കിടക്കുകയാണ്. പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരം, പുതിയകാവ്, ടൗൺ ഹാൾ ജംഗ്ഷൻ, ശില്പാ ജംഗ്‌ഷൻ, ഊമൻ പള്ളിക്കര ജംഗ്ഷൻ തുടങ്ങിയ ഇടങ്ങളിൽ അറവ് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ പ്ലാസ്റ്റിക് കവറുകളിൽ നിക്ഷേപിക്കുന്നെന്ന് പരാതിയുണ്ട്. കൂടാതെ രാവിന്റെ മറവിൽ വാഹനങ്ങളിൽ പ്ലാസ്റ്റിക് കവറുകളിൽ നിറച്ച മാലിന്യങ്ങൾ ചിറ്റാറിലേക്ക് തള്ളുന്നത് പതിവാണെന്നും പ്രദേശവാസികൾ പറയുന്നു. ഇവ ചിറ്റാറിന് കുറുകെ നിർമ്മിച്ചിട്ടുള്ള തടയണയിൽ കെട്ടിക്കിടന്ന് അഴുകി ശുദ്ധജലം മലിനമാക്കുന്നതായും അധികൃതർ നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. കിളിമാനൂർ ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും കുടിവെള്ളം വിതരണം ചെയ്യുന്നത് വലിയ പാലത്തിന് സമീപമുള്ള ശുദ്ധജല വിതരണ പദ്ധതി വഴിയാണ്. ഇവിടുള്ള പമ്പിംഗ് സ്റ്റേഷന് സമീപത്തായാണ് ചിറ്റാറിന് കുറുകെ തടയണ നിർമ്മിച്ചിട്ടുള്ളത്. വർഷങ്ങൾക്ക് മുമ്പ് പൈപ്പ് ലൈനിലൂടെ ലഭിച്ച വെള്ളം പബ്ലിക് ഹെൽത്ത് ലാബിൽ പരിശോധന നടത്തിയപ്പോൾ കോളിഫോം ബാക്ടീരിയയുടെ അളവ് വൻ തോതിൽ കണ്ടെത്തിയിരുന്നു.