people-beat-legal-metrolo

തിരുവനന്തപുരം: മണക്കാട് കടകളിൽ അളവു- തൂക്ക പരിശോധന നടത്തുന്നതിനിടെ യൂണിയൻ തൊഴിലാളികളുടെ മർദ്ദമേറ്റ ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർക്ക് എതിരെ പൊലീസ് കേസും. മാർക്കറ്റിലെത്തിയ ഉദ്യോഗസ്ഥർ അവിടെ കച്ചവടം നടത്തിയിരുന്ന സ്ത്രീകളെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് ആരോപിച്ച് കച്ചവടക്കാരിയായ ശകുന്തള നൽകിയ പരാതിയിലാണ് കാട്ടാക്കട ലീഗൽ മെട്രോളജി ഇൻസ്‌പെക്‌ടർ എ. ഷാജഹാൻ, ഇൻസ്‌പെക്ടിംഗ് അസിസ്റ്റന്റ് അബ്ദുൾ ഗാഫർഖാൻ, ഡ്രൈവർ മുനീർഷാ എന്നിവർക്കെതിരെ ഫോർട്ട് പൊലീസ് കേസെടുത്തത്. സി.ഐ.ടി.യു തൊഴിലാളികളുടെ മർദ്ദനമേറ്റ ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

തങ്ങളെ മർദ്ദിച്ചവരെ സ്റ്റേഷനിൽവച്ച് ചൂണ്ടിക്കാട്ടിയിട്ടും പലരെയും പൊലീസ് ഒഴിവാക്കിയെന്ന് ഉദ്യോഗസ്ഥർ ആരോപിക്കുന്നു. അതേസമയം, ഉദ്യോഗസ്ഥരെ മർദ്ദിച്ച കേസിൽ അറസ്റ്റിലായ സി.ഐ.ടി.യു നേതാക്കളായ സുന്ദരൻപിള്ള, സുരേഷ് എന്നിവരെ 16 വരെ റിമാൻഡ് ചെ‌യ്‌തു. സംഘത്തിലുണ്ടായിരുന്ന ദീപുരാജ്, നന്ദു എന്നിവരുൾപ്പടെ കണ്ടാലറിയാവുന്ന 13 പേർക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

തിങ്കളാഴ്‌ച രാവിലെ നടന്ന സംഭവത്തിൽ പരിക്കേറ്റ വനിതാ ഇൻസ്‌പെക്‌ടർ പ്രിയ ആശുപത്രിയിൽ ചികിത്സ സ്വീകരിച്ച ശേഷം വീട്ടിൽ വിശ്രമത്തിലാണ്.

ആറ്റുകാൽ പൊങ്കാല ഉത്സവത്തിന് മുന്നോടിയായാണ് അളവു- തൂക്ക ഉദ്യോഗസ്ഥർ തിങ്കളാഴ്‌ച മണക്കാട് മാർക്കറ്റിൽ പരിശോധന നടത്തിയത്. സ്ത്രീകളടക്കം കച്ചവടക്കാർ ഉപയോഗിച്ചിരുന്ന ത്രാസുകൾ പരിശോധിച്ചപ്പോൾ മിക്കതിലും സീലില്ലെന്ന് കണ്ടെത്തിയിരുന്നു. കൃത്രിമം കാണിച്ച ത്രാസുകൾ കൊണ്ടുപോകാൻ വാഹനത്തിലേക്കു മാറ്റുന്നതിനിടെ യൂണിയൻ നേതാക്കളെത്തി ഉദ്യോഗസ്ഥരെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു.