വിതുര: പൊൻമുടി - വിതുര റോഡിൽ ചിറ്റാർ ജംഗ്ഷനിൽ മുള്ളിലവ്, ആഞ്ഞിലി മരങ്ങളിൽ ചേക്കേറിയിരുന്ന തേനീച്ചക്കൂടുകൾ നശിപ്പിക്കുന്നത് ഇന്ന് പൂർത്തിയാകും. ഇതിന്റ ഭാഗമായി രണ്ട് മരങ്ങളുടെയും ശിഖരങ്ങൾ പൂർണമായും മുറിച്ചു. ഇന്നും നാളെയുമായി രണ്ട് മരങ്ങളും മുറിച്ചുമാറ്റുമെന്ന് വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി അറിയിച്ചു. മുള്ളിലവ് മരത്തിൽ ചേക്കേറിയിരുന്ന തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ ചിറ്റാർ സ്വദേശിയായ ഹസൻഖനി മരിച്ചതോടെയാണ് തേനീച്ചക്കൂടുകൾ നശിപ്പിക്കണമെന്ന ആവശ്യം ഉയർന്നത്. തേനീച്ചക്കൂട് നശിപ്പിക്കുന്നതിന്റെ ഭാഗമായി പൊൻമുടി- വിതുര റോഡിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. മൂന്ന് ദിവസങ്ങളിലായി രാത്രിയിലാണ് തേനീച്ചക്കൂടുകൾ നശിപ്പിച്ചത്. വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് ശിഖരങ്ങൾ മുറിച്ചത്. ആനപ്പാറ സ്വദേശികളായ നാലംഗസംഘമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കൂടുകൾ നശിപ്പിക്കുന്നതിനിടെ സംഘാംഗങ്ങൾക്കും ഫയർഫോഴ്സ് ജീവനക്കാർക്കും മരച്ചില്ലകൾ മുറിക്കുന്നത് കാണാനെത്തിയവർക്കും തേനീച്ചകളുടെ ആക്രമണത്തിൽ പരിക്കേറ്റു. രണ്ട് മരങ്ങളിലുമായി അമ്പതോളം കൂടുകൾ ഉണ്ടായിരുന്നു. അപകട സാദ്ധ്യത മുൻനിറുത്തി ഫയർഫോഴ്സ് യൂണിറ്റും ആംബുലൻസും പൊലീസും സ്ഥലത്ത് ക്യാമ്പ് ചെയ്‌തിരുന്നു. പഞ്ചായത്ത് ഫണ്ടിൽ നിന്നുള്ള ഒരുലക്ഷം രൂപ ഉപയോഗിച്ചാണ് നശീകരണം നടക്കുന്നത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പൊൻമുടി - വിതുര റോഡിൽ ഏർപ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണം ഇന്ന് പിൻവലിക്കും. തേനീച്ചക്കൂടുകൾ വർദ്ധിക്കുന്നതിനെക്കുറിച്ച് ' ചിറ്റാർ തേനീച്ചപ്പേടിയിൽ ' എന്ന തലക്കെട്ടിൽ ജനുവരി 16ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.