തിരുവനന്തപുരം : ദേശീയ പണിമുടക്ക് ദിവസം സെക്രട്ടേറിയറ്രിന് സമീപത്തെ എസ്.ബി.എെ ട്രഷറി ബ്രാഞ്ച് തകർത്ത കേസിലെ പ്രതികളായ എൻ.ജി.ഒ യൂണിയൻ നേതാക്കളടക്കമുള്ള എട്ട് പേർക്ക് കോടതി ജാമ്യം അനുവദിച്ചു. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി കെ. ബാബുവാണ് കേസ് പരിഗണിച്ചത്.
പ്രതികൾ എല്ലാ ഞായറാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പിൽ ഹാജരാകണം, പ്രതികൾ ഓരോ ലക്ഷം രൂപ വീതം ജാമ്യം കെട്ടിവയ്‌ക്കണം, പ്രതികൾ എട്ടുപേരും കൂടി ചേർന്ന് കോടതിയിൽ ഒന്നര ലക്ഷം രൂപ കെട്ടി വയ്‌ക്കണം എന്നിവയാണ് ഉപാധികൾ.
എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗവും ജി.എസ്.ടി വകുപ്പിലെ എസ്റ്റാബ്ളിഷ്മെന്റ് വിഭാഗം ഇൻസ്‌പെക്ടറുമായ സുരേഷ് ബാബു, ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ അറ്റൻഡറുമായ ഹരിലാൽ, ഏരിയാ സെക്രട്ടറിയും ജില്ലാ ട്രഷറി ഒാഫീസിലെ ക്ളാർക്കുമായ അശോകൻ, ജി.എസ്.ടി വകുപ്പിലെ ഇൻസ്‌പെക്ടർ സുരേഷ്, ട്രഷറി ഡയറക്ടറേറ്രിലെ ശ്രീവത്സൻ, ആരോഗ്യ വകുപ്പിലെ ജീവനക്കാരായ ബിജു രാജ്, വിനുകുമാർ, അനിൽകുമാർ എന്നിവരാണ് പ്രതികൾ.