navodhanam

തിരുവനന്തപുരം: നവോത്ഥാന മൂല്യസംരക്ഷണ സമിതി മുസ്ളീം, ക്രിസ്ത്യൻ പ്രതിനിധികളെ ഉൾപ്പെടുത്തി വിപുലീകരിച്ചു.

ഇന്നലെ മസ്ക്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ സമിതി ചെയർമാൻ വെള്ളാപ്പള്ളി നടേശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇവരെ ഉൾപ്പെടുത്തിയത്. ഇവരെല്ലാം സെക്രട്ടേറിയറ്റ് അംഗങ്ങളായിരിക്കുമെന്നും വിപുലീകരിച്ച യോഗം ഫെബ്രുവരി 11ന് നടക്കുമെന്നും വെള്ളാപ്പള്ളി നടേശൻ പിന്നീട് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നവോത്ഥാനസമിതി വർഗ്ഗീയ ചേരിതിരിവുണ്ടാക്കുമെന്ന ആക്ഷേപം ഇതോടെ ഇല്ലാതായി.വർഗ്ഗീയ ചേരിതിരിവുകൾ കേരളം മറന്നത് പ്രളയകാലത്താണ്. ഇനിയൊരു വർഗ്ഗീയ പ്രളയത്തിനുള്ള സാദ്ധ്യതയാണ് തെളിഞ്ഞുവരുന്നത്. ഇതിനെ നേരിടാൻ നവോത്ഥാനമൂല്യങ്ങൾ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. സ്കൂൾ,കോളേജ് തലങ്ങളിലും ഇതുണ്ടാകണം.ഇതിനുള്ള നിർദ്ദേശങ്ങൾ സമിതി സമർപ്പിക്കും. വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

സാമൂഹിക മാറ്റത്തിൽ നവോത്ഥാനം വഹിച്ച പങ്ക് വലുതാണ്. ജാതിഭേദമോ മതവൈരമോ ഇല്ലാത്ത സമൂഹമായിരുന്നു നമ്മുടേത്. ഈ സാഹോദര്യം തകർക്കാൻ അനുവദിക്കില്ല എന്ന ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോകണം. ജില്ലാതലത്തിലെ ബഹുജനകൂട്ടായ്മകൾ വിപുലമായ പങ്കാളിത്തം കൊണ്ട് വിജയിപ്പിക്കണമെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.

ഫെബ്രുവരിയിൽ തന്നെ ജില്ലാ കമ്മിറ്റികൾ രൂപീകരിക്കാനും മാർച്ചിൽ ജില്ലാതലത്തിൽ ബഹുജനസംഗമങ്ങൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. കൺവീനർ പുന്നല ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ബിഷപ്പ് ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്,ബിഷപ്പ് ധർമ്മരാജ് റസാലം,ഫാ.യുജീൻ പെരേര, കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി,സി.കെ.വിദ്യാസാഗർ,കെ.ശാന്തകുമാരി,ഷാജി ജോർജ്ജ്, ഡോ.ഫസൽ ഗഫൂർ, പി.രാമഭദ്രൻ,തൊടിയൂർ മുഹമ്മദ് കുഞ്ഞിമൗലവി,ഡോ.ഹുസൈൻ മടവൂർ,ഒ.അബ്ദുറഹിമാൻ,ടി.പി.കുഞ്ഞുമോൻ, പി.ആർ.ദേവദാസ്,കുഞ്ഞിമുഹമ്മദ് പറപ്പൂർ,ഡോ.ഐ.പി.അബ്ദുൾസലാം,എം.അഹമ്മദ്കുട്ടി മദനി, കെ.പി.മുഹമ്മദ്, പി. അബ്ദുൾ ഹക്കിം ഫൈസി,പി.കെ.സജീവ്, പി.ആർ. ദേവദാസ്, സി.പി. സുഗതൻ, എ. നസീർ തുടങ്ങിയവർ പങ്കെടുത്തു.

12ന് തിരുവനന്തപുരം, എറണാകുളം, കാസർകോഡ്, പാലക്കാട്.13ന് കൊല്ലം, ഇടുക്കി, തൃശ്ശൂർ, കണ്ണൂർ.14ന്പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്.15ന് കോട്ടയം, വയനാട്.16ന് ആലപ്പുഴ എന്നീ ജില്ലാ സമിതികൾക്ക് രൂപം നൽകും .ജില്ലാതലത്തിലുള്ള ബഹുജനകൂട്ടായ്മ മാർച്ച് 10 മുതൽ 15 വരെ നടക്കും.