vs-sivakumar

തിരുവനന്തപുരം:ഊതി വീർപ്പിച്ച ബലൂണാണ് തോമസ് ഐസക്ക് അവതരിപ്പിച്ച ബഡ്ജറ്റെന്ന് വി.എസ്.ശിവകുമാർ എം.എൽ.എ പറഞ്ഞു. ബഡ്ജറ്റ് നിർദ്ദേശങ്ങളെല്ലാം കിഫ്ബിയെ ആശ്രയിച്ചാണെന്നും എന്നാൽ കിഫ്ബിയെ ആര് സഹായിക്കുമെന്നും അദ്ദേഹം ചോദിച്ചു. നിയമസഭയിൽ ബഡ്ജറ്റിനെ എതിർത്ത് നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുമാരാനാശാന്റെ ദുരവസ്ഥയിൽ പറയും പോലെയാണ് കേരളത്തിന്റെ സ്ഥിതി. പ്രളയബാധിതരെ സെസിൽ നിന്ന് ഒഴിവാക്കണം. തലസ്ഥാന നഗരത്തെ പൂർണമായി അവഗണിച്ചു.ആമയിഴഞ്ചാൻ തോട് ശുചീകരണത്തിനും കടൽഭിത്തി നിർമ്മാണത്തിനും കുടിവെള്ള വിതരണത്തിനും പണം വകയിരുത്തിയിട്ടില്ല. ആരോഗ്യമേഖല നേരിടുന്ന പുതിയ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ കൂടുതൽ തുക അനുവദിക്കണം.- ശിവകുമാർ പറഞ്ഞു. ഓഖിയുമായി ബന്ധപ്പെട്ട് ലഭിച്ച കേന്ദ്രസഹായം ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കെ.എം.മാണി പറഞ്ഞു. കാർഷിക മേഖലയ്ക്കുള്ള വിഹിതം തീരെ കുറവാണ്.റബർ കർഷകർക്ക് അടിയന്തര സഹായം നൽകണം. കിഫ്ബിയുടെ സി.ഇ.ഒയെ മുത്തൂറ്റ് ബാങ്കിന്റെ ഡയറക്ടറാക്കിയത് എന്തടിസ്ഥാനത്തിലാണെന്നും മാണി ചോദിച്ചു. അനിൽ അക്കര, വി.ടി.ബൽറാം, പി.കെ.അബ്ദുറബ്ബ്, സി. മമ്മൂട്ടി, കെ.എൻ.എ.ഖാദർ(ലീഗ്) എന്നിവരും ചർച്ചയിൽ പങ്കെടുത്തു.