തിരുവനന്തപുരം : കേരളത്തിന്റെ ഭാവിക്കായുള്ള ബഡ്‌ജറ്റാണ് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് അവതരിപ്പിച്ചതെന്ന് മുല്ലക്കര രത്നാകരൻ നിയമസഭയിൽ പറഞ്ഞു. ബഡ്ജറ്റിനെ അനുകൂലിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ, ആരോഗ്യ മേഖലകൾക്ക് ബഡ്ജറ്റിൽ മുൻതൂക്കം നൽകിയിട്ടുണ്ട്. രാഷ്ട്രീയവും വിശ്വാസവും രണ്ടാണ്. നെഹ്‌റു ഉണ്ടായിരുന്നെങ്കിൽ ഉമ്മൻചാണ്ടിയെയും ചെന്നിത്തലയെയും കോൺഗ്രസിൽ നിന്ന് പുറത്താക്കിയേനെ. മതനിരപേക്ഷത നിലനിറുത്തുന്നതിനും കൂടുതൽ മുന്നേറ്റമുണ്ടാക്കാനും കോൺഗ്രസ് കേരളത്തിനൊപ്പം നിൽക്കണമെന്നും മുല്ലക്കര പറഞ്ഞു.
അതിജീവനത്തിന്റെ ബഡ്ജറ്റാണ് അവതരിപ്പിച്ചതെന്ന് കെ. സുരേഷ് കുറുപ്പ് അഭിപ്രായപ്പെട്ടു. ബഡ്ജറ്റിലെ 25 പദ്ധതികൾ പരസ്‌പരം ബന്ധപ്പെട്ടുകിടക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടനാട്, വയനാട് പാക്കേജുകൾ അനുവദിച്ച മന്ത്രി അഭിനന്ദനമർഹിക്കുന്നുവെന്ന് യു. പ്രതിഭ പറഞ്ഞു. ബി.ഡി. ദേവസി, ഡി.കെ. മുരളി, ആന്റണി ജോൺ, കെ. ദാസൻ, പി.കെ. ശശി, ഗീതാഗോപി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.