kerala-assembly

 ശബരിമല യുവതീപ്രവേശന വിധിയെ ചൊല്ലിയുള്ള രാഷ്ട്രീയ വിചാരങ്ങൾ ബഡ്ജറ്റ് ചർച്ചയുടെ അന്തർധാരയായി ഭവിച്ചില്ലെങ്കിലായിരുന്നു അദ്ഭുതപ്പെടേണ്ടിയിരുന്നത്. സന്ദർഭത്തിനൊത്തുയരാൻ എം.എൽ.എമാരെ കവിഞ്ഞല്ലേ മറ്റാരുമുള്ളൂ എന്നത് കൊണ്ട് ആ അദ്ഭുതം സംഭവിച്ചില്ല. ബഡ്ജറ്റ് ചർച്ചയുടെ രണ്ടാം ദിനത്തിലേക്ക് പ്രവേശിച്ചതോടെയാണ് അംഗങ്ങൾ ശരിക്കും ഫോമിലേക്കുയർന്നതെന്ന് പറയാം. ശബരിമലയിൽ നിന്ന് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള സഞ്ചാരത്തിൽ ആരുമാരും പകച്ചുനിന്നില്ല.

വിശ്വാസവും രാഷ്ട്രീയവും തമ്മിലുണ്ടാവേണ്ട അകൽച്ചയുടെ വരമ്പ് നിശ്ചയിച്ചത് പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവാണെന്ന് പ്രതിപക്ഷത്തിന് പറഞ്ഞുകൊടുത്തത് മുല്ലക്കര രത്നാകരനാണ്. ആ നെഹ്റു ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ രമേശ് ചെന്നിത്തലയെയും ഉമ്മൻചാണ്ടിയെയും അദ്ദേഹം കോൺഗ്രസിൽ നിന്ന് പുറത്താക്കുമായിരുന്നുവെന്ന് മുല്ലക്കരയ്ക്ക് തീർച്ചയുണ്ട്. കാരണം നെഹ്റു നിശ്ചയിച്ച ആ അതിർവരമ്പ് പാലിക്കാൻ ഇവർക്ക് സാധിക്കില്ലെന്നത് തന്നെ. മുല്ലക്കരയുടെ നിരീക്ഷണത്തെ വകവച്ചുകൊടുക്കാൻ ഉമ്മൻചാണ്ടിയും ചെന്നിത്തലയും തയ്യാറാകുമോയെന്ന് കണ്ടുതന്നെ അറിയണം.

കല്ലിനെ കല്ല് കൊണ്ടെടുക്കാൻ കെ.എൻ.എ. ഖാദറോളം പോന്നവർ കുറവാണ്. മഹാകവി കുമാരനാശാന്റെ കവിതകളെ ആധാരമാക്കി ഐസക് രചിച്ച ബഡ്ജറ്റ് പ്രസംഗത്തെ നിരൂപണം ചെയ്യാൻ കെ.എൻ.എ. ഖാദർ ആശ്രയിച്ചതും അതിനാൽ ആശാൻ കവിതയെയാണ്. ഐസക് ചിന്താവിഷ്ടയായ സീതയെ ഉദ്ധരിച്ച് നവോത്ഥാനത്തിലേക്കാണ് കണക്ട് ചെയ്തതെങ്കിൽ ഖാദറിന് വീണപൂവിനോടാണ് പഥ്യം. കണ്ണേ മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു\ മണ്ണാകുമീ മലരു, വിസ്മൃതമാകുമിപ്പോൾ\ എന്ന വീണപൂവിലെ വരികൾ പോലെ ഈ ബഡ്ജറ്റ് പ്രസംഗവും താമസിയാതെ വിസ്മൃതിയിലേക്ക് പോകുമെന്നാണ് ഖാദർ പ്രവചനം. വി.എസ്. ശിവകുമാറിന്റെ കാഴ്ചപ്പാടിൽ കുമാരനാശാന്റെ ദുരവസ്ഥ എന്ന കാവ്യശീർഷകത്തെ ഓർമ്മിപ്പിക്കുന്നതാണ് ഐസക്കിന്റെ ബഡ്ജറ്റ്. ഈ സർക്കാർ വന്ന ശേഷമുള്ള നാലാമത്തെ ദുരന്തമാണത്രേ ഈ ബഡ്ജറ്റ്. ഓഖി, പ്രളയം, ശബരിമലവിവാദം എന്നിവയാണ് ആദ്യ മൂന്നെണ്ണം.

ശബരിമല വിഷയത്തിൽ തീവ്രരാഷ്ട്രീയ കക്ഷി എടുക്കുന്ന സമീപനത്തിനൊപ്പം കോൺഗ്രസും നിൽക്കേണ്ടിയിരുന്നോയെന്ന് കെ. സുരേഷ് കുറുപ്പ് സംശയിച്ചു. മതനിരപേക്ഷതയെ എതിർത്തും തുരങ്കം വച്ചും മതരാഷ്ട്രീയപാർട്ടി എന്ന ചെറിയ പ്രതിച്ഛായ ഉണ്ടാക്കിയെടുത്ത് വർഗീയതയെ ചെറുക്കാമെന്ന് കോൺഗ്രസ് കരുതരുതെന്നാണ് ഉപദേശം.

ശിവകുമാറിന്റെ പ്രസംഗം കേട്ട് ആവേശം കയറി പതിവ് പോലെ മൊറാർജിയുടെ കാലത്തേക്ക് പോയത് സി.കെ. നാണുവാണ്. ആർ.എസ്.എസിനെയടക്കം ഗാന്ധിയൻസമീപനത്തിലേക്ക് നയിച്ച് മൊറാർജി ഇന്ത്യയെ ഭരിച്ച കാലത്ത് നിന്ന് മാറി ബി.ജെ.പിയെ അവരിന്ന് സ്വീകരിക്കുന്ന ലൈനിലേക്ക് കൊണ്ടുപോയത് കോൺഗ്രസാണെന്ന് നാണുവിനുറപ്പുണ്ട്. ബൂത്ത് പ്രസിഡന്റുമാരിൽ വനിതകളുണ്ടാവണമെന്ന് രാഹുൽ ഗാന്ധി ശഠിച്ചത് വനിതാമതിലിന്റെ വിജയമായി യു. പ്രതിഭ വിലയിരുത്തി. കെ.എം. മാണി അവതരിപ്പിച്ച നാല് ബഡ്ജറ്റുകളും ബഡായി ബഡ്ജറ്റുകളെന്നാണ് പ്രതിഭയുടെ വിശ്വാസം. പ്രതിഭ ഒരു പ്രതിഭയുമില്ലാതെ സംസാരിച്ചത് ശരിയായില്ലെന്നായിരുന്നു മോൻസ് ജോസഫിന്റെ മറുപടി. മാണിയുടെ ബഡ്ജറ്റിനെക്കുറിച്ച് പഠിക്കാൻ കൊച്ചി സർവകലാശാലയിൽ ചെയർ തന്നെയുണ്ടായെന്നാണ് അദ്ദേഹത്തിന്റെ ഓർമ്മപ്പെടുത്തൽ. കെ.എം. മാണിയുടെ കണ്ണിൽ പ്രളയവും ശബരിമല സ്ത്രീപ്രവേശനവുമാണ് അടുത്തിടെയുണ്ടായ രണ്ട് ദുരന്തങ്ങൾ. രണ്ടും സർക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ടാണെന്നാണ് അദ്ദേഹം കരുതുന്നത്.

ആലപ്പാട്ടെ ജനതയുടെ ഐശ്വര്യത്തിനാണ് ഐ.ആർ.ഇയുടെ ഖനനം എന്ന് മന്ത്രി ഇ.പി. ജയരാജൻ പറയുന്നു. ഒരു നാട് തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുമ്പോൾ സർക്കാർ പിടിവാശി ഉപേക്ഷിക്കണമെന്ന് അടിയന്തരപ്രമേയത്തിൽ പി.ടി. തോമസ് ഉന്നയിച്ച ആവശ്യത്തെ മന്ത്രി തള്ളി.