തിരുവനന്തപുരം: ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഘട്ടംഘട്ടമായി നടപ്പാക്കുന്നതായിരിക്കണം ബഡ്‌ജറ്റെന്നും കേന്ദ്ര ബഡ്ജറ്റ് ആളെ പറ്റിക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിലെ ഒാരോ വർഷത്തെയും ബഡ്ജറ്റ് ജനാഭിമുഖ്യമുള്ളതും സംസ്ഥാനത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കുന്നതുമാണ്.
എ.കെ.ജി.പഠനകേന്ദ്രം സംഘടിപ്പിച്ച സംസ്ഥാന ബഡ്ജറ്റും നവകേരള നിർമ്മിതിയും എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2014ലെ തിരഞ്ഞെടുപ്പിൽ നടപ്പാക്കാനാവാത്ത വാഗ്ദാനങ്ങൾ പ്രകടനപത്രികയിലൂടെയാണ് ബി.ജെ.പി. നൽകിയതെങ്കിൽ ഇക്കുറി അത് ഇടക്കാല ബഡ്ജറ്റിലാണ് അവതരിപ്പിച്ചത്. പ്രകടനപത്രികൾ ജയിക്കാനുള്ള വാഗ്ദാനങ്ങളാണെന്ന് പറയുന്ന ബി.ജെ.പി നയിക്കുന്ന കേന്ദ്രബഡ്ജറ്റിലെ പ്രഖ്യാപനങ്ങൾക്കും അതേ ഗതിയാണുണ്ടാകുക. നോട്ട് നിരോധിച്ചപ്പോൾ കള്ളപ്പണം പിടിക്കുമെന്ന് വാഗ്ദാനം നൽകിയ പ്രധാനമന്ത്രി പിന്നീട് പിന്നാക്കം പോയി. നാലേമുക്കാൽ വർഷവും ജനവിരുദ്ധ നടപടികളെടുത്തിട്ട് ഒടുവിൽ ഇടക്കാല ബഡ്ജറ്റിൽ യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത മോഹന വാഗ്ദാനങ്ങൾ നിരത്തുകയാണ്. 65കോടി കർഷകർക്ക് 75,000 കോടിയാണ് മാറ്റിവെച്ചത്. ഒരു കർഷകന് നൂറ് രൂപ പോലും ലഭിക്കില്ല. രണ്ട് കോടി പേർക്ക് തൊഴിൽ നൽകുമെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇപ്പോൾ പറയുന്നത് അവരെല്ലാം തൊഴിൽ ദായകരാണെന്നാണ്. ഇത്തരം തട്ടിപ്പുകളാണ് കേന്ദ്രബഡ്ജറ്റിലുള്ളത്.
അതേസമയം വ്യക്തമായ കാഴ്ചപ്പാടോടെ കേരളത്തിന്റെ വികസനത്തിനുള്ള കർമ്മപദ്ധതികളാണ് സംസ്ഥാന ബഡ്ജറ്റിലുള്ളത്. 31000കോടി രൂപയാണ് പുനർനിർമ്മാണത്തിന് വേണ്ടത്.ഇതിൽ 15788 കോടി അടിസ്ഥാന സൗകര്യവികസനത്തിന് വേണം. 7000 കോടി അന്താരാഷ്ട്ര ഏജൻസികളിൽ നിന്ന് വായ്പയായി സമാഹരിക്കും. ഇതിനാണ് വായ്പാ പരിധി ഉയർത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. അത് നൽകിയിട്ടില്ല. കേന്ദ്രബഡ്ജറ്റിൽ പ്രളയ പാക്കേജ് കിട്ടിയില്ല,എയിംസില്ല. കഞ്ചിക്കോട്ടിലെ കോച്ച് ഫാക്ടറിക്ക് 1000 കോടിയാണ് നൽകിയത്. അത് നടപ്പാക്കില്ലെന്ന് ഉറപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എ.കെ.ജി. ഹാളിൽ നടന്ന പരിപാടിയിൽ കോടിയേരി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ഇ.പി.ജയരാജൻ, എ. വിജയരാഘവൻ , എം.വി ഗോവിന്ദൻ തുടങ്ങിയവർ സംസാരിച്ചു. ആസൂത്രണബോർഡ് ഉപാദ്ധ്യക്ഷൻ രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
.