edava

വർക്കല: എൽ.ഡി.എഫ് സർക്കാരിന് കീഴിൽ സംസ്ഥാനത്തെ കായിക മേഖല ഉണർവിന്റെയും മികവിന്റെയും വഴിയിലാണെന്ന് മന്ത്രി ഇ.പി. ജയരാജൻ. ഇടവയിൽ നിർമ്മിക്കുന്ന തോമസ് സെബാസ്റ്റ്യൻ ജില്ലാ ഇൻഡോർ സ്റ്റേഡിയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധങ്ങളായ കളികളെയും കായിക താരങ്ങളെയും സംരക്ഷിക്കാനും അതിനായി കൂടുതൽ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും സർക്കാർ പരിശ്രമിക്കുന്നുണ്ട്. 700 കോടി രൂപയാണ് ഇതിനകം കായിക രംഗത്തിന്റെ ഉന്നമനത്തിനായി സർക്കാർ ചെലവിട്ടത്. ഇത്തരം പ്രവർത്തനങ്ങളുമായി എൽ.ഡി.എഫ് സർക്കാർ മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. അഡ്വ. വി. ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കായിക, യുവജന വകുപ്പ് ഡയറക്ടർ സഞ്ജയൻകുമാർ, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. യൂസുഫ്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. രഞ്ജിത്ത്, നഗരസഭാ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ സുനിത എസ്. ബാബു, അഡ്വ. അസിം ഹുസൈൻ, വി. സുമംഗല, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എ ബാലിക്, അഡ്വ. ജി.എസ്. മെർലി, എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ബി. രവികുമാർ, സി.പി.എം ഏര്യാകമ്മിറ്റിയംഗം ശശാങ്കൻ, ഇടവ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹർഷാദ് സാബു എന്നിവർ സംസാരിച്ചു. ഇടവ മേഖലയിലെ വിവിധ സ്പോർട്സ് ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ മന്ത്രിക്ക് സ്വീകരണവും നൽകി.