പാറശാല: അതിർത്തിക്കടുത്ത് ഇഞ്ചിവിള കേന്ദ്രീകരിച്ചുള്ള അഞ്ച് സ്വകാര്യ ഗോഡൗണുകളിൽ സിവിൽ സപ്ലൈസ് അധികൃതരുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ റേഷനരിയുടെ വൻ ശേഖരം പിടിച്ചെടുത്തു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് സിവിൽ സപ്ലൈസ് വിജിലൻസ് ഓഫീസർ ഹരിപ്രസാദിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ വിവിധ ഗോഡൗണുകളിൽ നിന്നായി റേഷൻ പച്ചരി, പുഴുക്കലരി, ഗോതമ്പ് എന്നിവ ഉൾപ്പെടുന്ന 117 ക്വിന്റൽ (11700 കിലോ) റേഷൻ ഉത്പന്നങ്ങൾ പിടിച്ചെടുത്തു. തമിഴ്‌നാട്ടിൽ സൗജന്യമായും കുറഞ്ഞ വിലയ്‌ക്കും വിതരണം നടത്തുന്ന റേഷൻ അരിയും മറ്റും ട്രെയിനിലും മറ്റ് സ്വകാര്യ വാഹനങ്ങളിലും അതിർത്തിയിൽ കൊണ്ടുവരുന്നത് വാങ്ങി ശേഖരിക്കുന്ന വ്യാപാരികളുടെ ഗോഡൗണുകളാണ് റെയ്ഡ് ചെയ്‍തത്. ഇഞ്ചിവിളയിലെ ഡേവിഡിന്റെ ഉടമസ്ഥതയിലുള്ള ആശാ ട്രേഡേഴ്‌സിന്റെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 1050 കിലോ പച്ചരി, 450 കിലോ പുഴുക്കലരി, 150 കിലോ കുത്തരി (കുറുവ), ആരിഫ് ഖാന്റെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 736 കിലോ പച്ചരി, 850 കിലോ പുഴുക്കലരി, 300 കിലോ ഗോതമ്പ്, ഷാഹുൽ ഹമീദിന്റെ ഉടമസ്ഥതയിലുള്ള ഫോർ എസ് ട്രേഡേഴ്സിന്റെ ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്ന 3550 കിലോ പച്ചരി, 2500 കിലോ പുഴുക്കലരി, 50 കിലോ ഗോതമ്പ്, ഷറഫുദ്ദീന്റെ ഉടമസ്ഥതയിലുള്ള എ.പി.കെ ട്രേഡേഴ്‌സിന്റെ പൂട്ടിയിട്ടിരുന്ന ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 760 കിലോ പച്ചരി, 380 കിലോ പുഴുക്കലരി, പൂട്ടിയിട്ടിരുന്ന മറ്റൊരു ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 360 കിലോ പച്ചരി, 700 കിലോ പുഴുക്കലരി, 200 കിലോ ഗോതമ്പ് എന്നിവയാണ് പിടിച്ചെടുത്തത്. ജില്ലാ സപ്ലൈ ഓഫീസർ ജലജ ജി.എസ്. റാണി, നെയ്യാറ്റിൻകര താലൂക്ക് സപ്ലൈ ഓഫീസർ വി. ജയകുമാർ, കാട്ടാക്കട താലൂക്ക് സപ്ലൈ ഓഫീസർ ആർ.കെ. അജിത്ത്, തിരുവനന്തപുരം താലൂക്ക് സപ്ലൈ ഓഫീസർ എ. ഷാനവാസ്, തിരുവനന്തപുരം സിറ്റി റേഷനിംഗ് ഓഫീസർ ടി.കെ. ഷീല, സിവിൽ സപ്ലൈസ് വിജിലൻസ് സെല്ലിലെ താലൂക്ക് സപ്ലൈ ഓഫീസർ (മൊബൈൽ പട്രോൾ) വിനോദ് ചന്ദ്രൻ, കൂടാതെ സപ്ലൈ ഓഫീസുകളിലെ 30 ഓളം റേഷനിംഗ് ഇൻസ്പെക്ടർമാരും റെയ്ഡിൽ പങ്കെടുത്തു. രാവിലെ 10ന് ആരംഭിച്ച റെയ്ഡ് വൈകിട്ട് 6.30 വരെ തുടർന്നു. പിടിച്ചെടുത്ത റേഷൻ ഉത്പന്നങ്ങൾ സിവിൽ സപ്ലൈസിന്റെ അമരവിളയിലെ ഗോഡൗണിലേക്ക് മാറ്റി.