തിരുവനന്തപുരം: ഗുണനിലവാരത്തിൽ ലോകത്ത് ഏറ്റവും മികച്ചതെന്ന് കണ്ടെത്തിയ ദശലക്ഷക്കണക്കിന് ടൺ ധാതുമണൽ വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്തിയാൽ കേരളത്തിന്റെ മുഖച്ഛായ മാറിമറിയും. ഗൾഫ് രാജ്യങ്ങൾക്ക് പെട്രോളിയം ഉത്പന്നങ്ങൾ പോലെ കേരളത്തിന് കിട്ടിയ
നിധികുംഭമാണ് ധാതുമണൽ. രാപ്പകൽ ഭേദമില്ലാതെ തമിഴ്നാട്ടിലേക്കുള്ള കള്ളക്കടത്ത് തടഞ്ഞ് സ്വകാര്യ വ്യവസായങ്ങൾക്കു കൂടി ധാതുഘടകങ്ങൾ നൽകാൻ സർക്കാർ പരിഗണിച്ചത് കേരളത്തിന്റെ സാമ്പത്തിക മുഖം മാറ്റുന്ന ചുവടുവയ്പാണ്. കേരള തീരത്തെ ധാതുമണലിൽ ഇൽമനൈറ്റ്, ഗാർനൈറ്റ്, റൂട്ടയിൽ, ലക്കോസിൻ, സിലിമിനൈറ്റ്, സിർക്കോൺ, മോണോസൈറ്റ് എന്നിവ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ സംസ്ഥാന സർക്കാരോ വ്യവസായവകുപ്പോ ഇതുവരെ ഈ നിധി ഉപയോഗിക്കാൻ ഒരു നീക്കവും നടത്തിയിരുന്നില്ല. ചവറയിലെ ധാതുമണൽ 60 ശതമാനത്തിലേറെ ടൈറ്റാനിയം സാന്ദ്രതയുള്ളതാണ്. ലോകത്തുതന്നെയുള്ള ഇൽമനൈറ്റ് നിക്ഷേപങ്ങളിൽ ഏറ്റവും മികവുറ്റതാണിത്. കെ.എം.എം.എൽ, ട്രാവൻകൂർ ടൈറ്റാനിയം എന്നിവയെല്ലാം ടൈറ്റാനിയം അധിഷ്‌ഠിത വ്യവസായങ്ങളാണ്. പ്രാദേശിക എതിർപ്പ് കാരണം ഐ.ആർ.ഇ ഖനനം കുറയ്ക്കുമ്പോൾ 5000ലേറെ ജീവനക്കാരുള്ള ഈ കമ്പനികൾ പ്രതിസന്ധിയിലാവും. പ്രവർത്തനം മുടങ്ങാതിരിക്കാൻ വിദേശത്തെ സ്വകാര്യ കമ്പനികളിൽ നിന്ന് ഗുണമേന്മ കുറഞ്ഞ ഇൽമനൈറ്റ് കൂടിയ വിലയ്ക്ക് വാങ്ങുകയാണ് പതിവ്. ഇതുമൂലം ടണ്ണിന് 81,063 രൂപയായിരുന്ന ഉത്പാദന ചെലവ് 1,48,513 രൂപയായി ഉയർന്നു.
പെയിന്റു മുതൽ ബഹിരാകാശ പേടകം വരെ
പെയിന്റു മുതൽ ബഹിരാകാശ പേടകം വരെയുണ്ടാക്കാൻ നമ്മുടെ തീരത്തെ ധാതുമണലിലെ ഘടകങ്ങൾ അത്യാവശ്യമാണ്. പെയിന്റ്, പേപ്പർ, പ്ലാസ്റ്റിക്, തുണി, അച്ചടിമഷി, റബർ, കളിമൺ വ്യവസായങ്ങളിൽ ടൈറ്റാനിയം ഡയോക്‌സൈഡ് ഉപയോഗിക്കുന്നു. ഉപഗ്രഹപേടകങ്ങൾ, അന്തർവാഹിനി, വിമാനം, മിസൈൽ, പേസ്‌മേക്കർ, ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ എന്നിവയുണ്ടാക്കാനും ഇത് വേണം.
ഇത്രയും വിലപിടിച്ച ധാതുക്കളടങ്ങിയ കരിമണലാണ് തുച്ഛമായ വിലയ്ക്ക് തമിഴ്നാട്ടിലേക്ക് കടത്തിക്കൊണ്ടുപോവുന്നത്. വർഷം തോറും ഒന്നരലക്ഷം ടൺ കരിമണലാണ് തൂത്തുക്കുടിയിലേക്ക് കടത്തുന്നത്. തദ്ദേശീയരെ ഉപയോഗിച്ച് പകൽ തീരത്ത് ചാക്കുകളിൽ വാരിക്കൂട്ടുന്ന കരിമണൽ രാത്രിയിൽ വള്ളങ്ങളിൽ കടത്തും. തൂത്തുക്കുടി കമ്പനിയുടെ ഏജന്റുമാർ തീരത്താകെയുണ്ട്. ഇവിടെനിന്ന് കടത്തിക്കൊണ്ടുപോവുന്ന കരിമണലിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ധാതുക്കൾ കേരളത്തിലെ കമ്പനികൾക്ക് വൻവിലയ്ക്ക് വിറ്റഴിക്കുന്നുമുണ്ട്. 2011 മുതൽ 16 വരെ പതിനായിരം കോടിയുടെ കരിമണൽ കള്ളക്കടത്ത് നടത്തിയതായി ക്രൈംബ്രാഞ്ചാണ് കണ്ടെത്തിയത്. കരിമണൽ സാധാരണ മണലാക്കി, പിഴയടച്ച് എല്ലാവരും തലയൂരുകയാണ് പതിവ്. ഈ വ്യാപ്തി തിരിച്ചറിഞ്ഞാണ്, സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിക്കാൻ കള്ളക്കടത്ത് പൂർണമായി തടയുമെന്ന് മന്ത്രി ഇ.പി. ജയരാജൻ നിയമസഭയെ അറിയിച്ചത്.