തിരുവനന്തപുരം: ആത്മഹത്യ ചെയ്യുമെന്ന് ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റിട്ട ശേഷം യുവാവ് ജീവനൊടുക്കി. തിരുവല്ലം ഇടയാർ കൊല്ലാക്കര ഹരിശ്രീ മന്ദിരത്തിൽ ഹരിശ്രീയെ (31) ആണ് ഇന്നലെ പുലർച്ചയോടെ ആറ്റുകാൽ കല്ലടിമുഖത്തെ ഭാര്യവീടിനു മുന്നിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
തന്നെ ഉപദ്രവിച്ച ശേഷം ഭാര്യ ഫോർട്ട് പൊലീസിൽ തനിക്കെതിരെ പരാതി നൽകി പീഡിപ്പിക്കുകയാണെന്ന് ആരോപിക്കുന്ന വീഡിയോയ്ക്ക് ഒപ്പം, മർദ്ദന ദൃശ്യങ്ങളും ഹരി പോസ്റ്റ് ചെയ്തിരുന്നു. തിങ്കളാഴ്‌ച വൈകിട്ടാണ് ഭാര്യയ്ക്കും ഇവരുടെ സഹോദരിക്കും പിതാവിനും എതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും, പീഡനത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്യുമെന്നും ഹരി ഫേസ് ബുക്കിൽ വീഡിയോ പോസ്റ്റിട്ടത്. ഇന്നലെ പുലർച്ചെ, നാട്ടുകാരാണ് ഭാര്യാവസതിക്കു മുന്നിൽ റോഡിനോടു ചേർന്നുള്ള മരത്തിൽ തൂങ്ങി നിൽക്കുന്ന ഹരിയുടെ മൃതദേഹം കണ്ടത്.
ആട്ടോഡ്രൈവറായ ഹരിയുടെ വിവാഹം ഒന്നര വർഷം മുമ്പായിരുന്നു. സ്വന്തം വീട്ടിൽ രണ്ടു മാസം താമസിച്ച ഹരിയും ഭാര്യയും പിന്നീട് ഭാര്യവീട്ടിലേക്ക് താമസം മാറ്റി. ഹരിയുടെ ഭാര്യയുടെ ആദ്യവിവാഹത്തിൽ ഒരു കുഞ്ഞുണ്ട്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം സ്വന്തം വീട്ടുവളപ്പിൽ സംസ്‌കരിച്ചു..