india-newzealand-t-20
india newzealand t-20

വെല്ലിംഗടൺ : ഏകദിന പരമ്പര നേട്ടത്തിനു പിന്നാലെ ട്വന്റി-20യിലും കിരീടമണിയാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം കിവികളുടെ നാട്ടിലിറങ്ങുന്നു. ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയിലെ ആദ്യ മത്സരത്തിന് വേദിയാകുന്നത് അഞ്ചാം ഏകദിനം നടന്ന വെല്ലിംഗ്ടണാണ്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30നാണ് മത്സരം ആരംഭിക്കുന്നത്.

അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിൽ 4-1ന് വിജയിക്കാൻ കഴിഞ്ഞ ഇന്ത്യൻ ടീം ആത്മവിശ്വാസത്തിലാണ്. എന്നാൽ, ഹാമിൽടണിലെ നാലാം ഏകദിനത്തിൽ സംഭവിച്ചതുപോലൊരു ബാറ്റിംഗ് ദുരന്തം ഓർമ്മപ്പെടുത്തലായും മനസ്സിലുണ്ട്. വെല്ലിംഗ്ടണിലെ കഴിഞ്ഞ ഏകദിനത്തിലും സമാനമായ ഒരു ബാറ്റിംഗ് തകർച്ച മുന്നിൽക്കണ്ടിരുന്നുവെങ്കിലും മധ്യനിരയിൽ അമ്പാട്ടി റായ്ഡു ഹാർദ്ദിക് പാണ്ഡ്യ, കേദാർ യാദവ് തുടങ്ങിയവർ നടത്തിയ വീരോചിത പോരാട്ടമാണ് ഇന്ത്യയ്ക്ക് മാന്യമായ ടോട്ടൽ നൽകിയത്.

രോഹിത് ശർമ്മനയിക്കുന്ന ഇന്ത്യൻ നിരയിൽ ഏകദിന ടീമിലെ മുഖങ്ങൾ തന്നെയാണ് ഏറിയപങ്കും. ആസ്ട്രേലിയയിലെ ഏകദിനങ്ങളിൽ നിന്നും കിവീസിലെ ഏകദിനങ്ങളിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ട്വന്റി-20 ടീമിൽ സ്ഥിരക്കാരനായിരുന്ന കെ.എൽ. രാഹുൽ സംഘത്തിലില്ല. ആസ്ട്രേലിയൻ പര്യടനത്തിലെ ട്വന്റി-20 ടീമിൽ നിന്ന് വിശ്രമം അനുവദിച്ചിരുന്ന ധോണിയും രോഹിതിനൊപ്പമുണ്ട്. യുവതാരം ശുഭ്‌മാൻ ഗില്ലിന് ഏകദിന അരങ്ങേറ്റം ശുഭകരമായിരുന്നില്ലെങ്കിലും ട്വന്റി-20യിലും അവസരം നൽകിയേക്കുമെന്നാണ് അറിയുന്നത്.

കേൻ വില്യംസൺ നയിക്കുന്ന ന്യൂസിലൻഡിന് ഇത് സ്വന്തം മണ്ണിൽ അഭിമാനം വീണ്ടെടുക്കാനുള്ള പരമ്പരയാണ്. റോസ് ടെയ്ലർ ഒഴികെയുള്ള ബാറ്റ്സ്‌മാൻമാർ സ്ഥിരതയിലേക്ക് ഉയരാത്തതാണ് കിവീസ് നേരിടുന്ന പ്രധാന പ്രശ്നം. ട്രെന്റ് ബൗൾട്ടും ബ്രേസ്ബെല്ലും അടങ്ങുന്ന പേസ് നിര ശക്തമാണ്. യുവതാരം ഫെർഗൂസന് പകരം ടിംസൗത്തി ഇന്ന് കളിച്ചേക്കും.

ഇന്ത്യയുടെ കരുത്തും ദൗർബല്യവും

ഏകദിന പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസമാണ് ഇന്ത്യയുടെ പ്ളസ് പോയിന്റ്.

കഴിഞ്ഞ ഏകദിനത്തോടെ മധ്യനിര ബാറ്റ്സ്‌മാന്മാരും ഫോമിലേക്ക് എത്തിയിരിക്കുന്നു.

ഏകദിന പരമ്പരയിൽ മാൻ ഒഫ് ദ സീരീസായ പേസർ മുഹമ്മദ് ഷമി ട്വന്റി-20 പരമ്പരയ്ക്കില്ല എന്നത് വെല്ലുവിളിയാണ്.

ഭുവനേശ്വർ, ഖലീൽ അഹമ്മദ് എന്നിവരാണ് പേസർമാരായി പ്ളേയിംഗ് ഇലവനിൽ ഉണ്ടാവുക.

അമ്പാടി റായ്ഡുവും മധ്യനിരയിലില്ല. ആ സാഹചര്യത്തിൽ ഋഷഭ്പന്തിനാകും ആ പൊസിഷനിൽ ഇറങ്ങാൻ അവസരം.

വിക്കറ്റ് കീപ്പറായി ധോണി തന്നെയാകും കളിക്കുക.

ആൾ റൗണ്ടർ സഹോദരങ്ങളായ ഹാർദിക് പാണ്ഡ്യയെയും ക്രുനാൽ പാണ്ഡ്യയെയും കളിപ്പിക്കാൻ സാദ്ധ്യതയുണ്ട്. കേദാർ യാദവിന് പകരമാകും ക്രുനാൽ കളിക്കാൻ സാദ്ധ്യത.

സ്പെഷ്യലിസ്റ്റ് സ്പിന്നറായി കുൽദീപോ ചഹലോ ഉണ്ടാകും

ഇന്ന് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ മൂന്ന് വിക്കറ്റ് കീപ്പർമാർ - ധോണി, ഋഷഭ് പന്ത്, ദിനേഷ് കാർത്തിക് ഉണ്ടാകാൻ സാധ്യതയുണ്ട്.

പരിക്കുമൂലം കിവീസ് നിരയിൽ മാർട്ടിൻ ഗപ്ടിൽ കളിക്കാനുണ്ടാവിനല്ല

ടീമുകൾ ഇവരിൽ നിന്ന്

ഇന്ത്യ : രോഹിത് ശർമ്മ (ക്യാപ്ടൻ), ശിഖർ ധവാൻ, ശുഭ്‌മാൻ ഗിൽ, ഋഷഭ് പന്ത്, ദിനേഷ് കാർത്തിക്, മഹേന്ദ്രസിംഗ് ധോണി, ഹാർദിക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ, കേദാർ യാദവ്, ഭുവനേശ്വർ, കുമാർ, ഖലീൽ അഹമ്മദ്, യുസ്‌വേന്ദ്ര ചഹാൽ, കുൽദീപ് യാദവ്.

ന്യൂസിലൻഡ് : കേൻ വില്യംസൺ (ക്യാപ്ടൻ), കോളിൻ മൺറോ, ടിം ഡിപെർട്ട് (വിക്കറ്റ് കീപ്പർ), റോസ് ടെയ്ലർ, ജെയിംസ്‌ നീഷം, കോളിൻ ഡി ഗ്രാൻഡ് ഹോം, മിച്ചൽ സാന്റ്നർ, സ്കോട്ട് കുഗ്ളേയ്ൻ, ഡഗ്ളസ്, ബ്രേസ്‌വെൽ, ലോക്കീ ഫെർഗൂസൻ, ടിം സൗത്തി, ഇഷ്സോധി.

കളിക്കണക്കുകൾ

ന്യൂസിലൻഡിൽ ഇതുവരെ ഒരു ട്വന്റി-20 മത്സരം ജയിക്കാനോ പരമ്പര നേടാനോ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ 10 ഉഭയകക്ഷി ട്വന്റി-20 പരമ്പരകളിൽ തോൽവി അറിയാത്ത ടീമാണ് ഇന്ത്യ.

രോഹിത് ശർമ്മ 12 ട്വന്റി-20 കളിൽ ഇന്ത്യയെ നയിച്ചിട്ടുണ്ട്. അതിൽ തോൽവി അറിഞ്ഞത് ഒരെണ്ണത്തിൽ മാത്രം.

2009ൽ ഇന്ത്യ കിവീസിൽ 0-2നാണ് ട്വന്റി-20 പരമ്പരയിൽ തോറ്റത്.

ഋഷഭ് പന്തിന്റെ സാന്നിദ്ധ്യം ഇന്ത്യൻ ടീമിന് ആവേശം പകരുന്നു. ടീമിന് മുതൽക്കൂട്ടാണ് പന്ത്. എതിരാളികളിൽ നിന്ന് ചുരുങ്ങിയ സമയംകൊണ്ട് മത്സരം തട്ടിയെടുക്കാൻ ഋഷഭിന് പ്രത്യേക കഴിവുണ്ട്.

-ശിഖർ ധവാൻ.

ഗപ്ടിലിന്റെ അഭാവത്തിൽ ടീമിൽ യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകും. ഇന്ത്യയെപ്പോലുള്ള ഒരു ടീമിനെതിരെ യുവനിരയെ നയിച്ചിറങ്ങുന്നത് വലിയ വെല്ലുവിളിയാണ്.

-കേൻ വില്യംസൺ.