parassla

പാറശാല: ദേശീയപാതയിൽ കഴിഞ്ഞ ദിവസം അമരവിള എക്സൈസ് ചെക്പോസ്റ്റിൽ നടന്ന വാഹന പരിശോധനയ്ക്കിടെ ബൈക്ക് യാത്രക്കാരനായ യുവാവിൽ നിന്ന് 22 മയക്കുമരുന്ന് ഗുളികകൾ പിടിച്ചെടുത്തു. തിരുവനന്തപുരം നാലാഞ്ചിറ അക്ഷയ ഗാർഡൻസിൽ ഹൗസ് നമ്പർ 71 -ൽ ജിതിൻ രാജ് (26) ആണ് പിടിയിലായത്. തമിഴ്നാട്ടിൽ നിന്നു കേരളത്തിലേക്ക് വരുമ്പോഴാണ് ഇയാൾ പിടിയിലായത്. പോക്കറ്റിൽ സൂക്ഷിച്ചിരുന്ന 10 മില്ലിഗ്രാം വീതമുള്ള 22 ഗുളികകൾ 12.19 തൂക്കം വരുന്നതാണ്. തമിഴ്നാട്ടിലെ ഒരു എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥിയാണ് ജിതിൻരാജ്. ഇയാളിൽ നിന്നു 5000 രൂപയും പിടിച്ചെടുത്തു. അമരവിള എക്സൈസ് ചെക്പോസ്റ്റിലെ സർക്കിൾ ഇൻസ്‌പെക്ടർ സി.കെ.അനിൽകുമാറിന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്‌പെക്ടർ എ.വിജയൻ, പ്രിവന്റീവ് ഓഫീസർമാരായ കെ.സുദർശനൻ, എസ്.അനിൽകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ യു.പി.പ്രണവ്, എം.വിനോദ് കുമാർ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ കെ.എം.പ്രിയ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെയും പിടിച്ചെടുത്ത രൂപയും ബൈക്കും അമരവിള എക്സൈസ് റേഞ്ചിന് കൈമാറി. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.