തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും പ്രായംകൂടിയ പിടിയാനയായി ഗിന്നസ് റെക്കോർഡ് നേടിയ ഗജരാജ മുത്തശ്ശി ദാക്ഷായണി ചരിഞ്ഞു. 89 വയസുണ്ടായിരുന്നു. നാട്ടാനകളിൽ പ്രായം കൂടിയ ആനയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഏറ്റവും പ്രായമുള്ള ആനയും ദാക്ഷായണിയായിരുന്നു.
പാപ്പനംകോട് മലമേൽക്കുന്ന് സത്യൻ നഗറിലെ ആനക്കൊട്ടിലിൽ ഇന്നലെ വൈകിട്ട് നാലരയോടെയാണ് ആന ചരിഞ്ഞത്.
ഗജരാജമുത്തശ്ശി പട്ടം നേടിയ ദാക്ഷായണി തിരുവനന്തപുരം ചെങ്കള്ളൂർ മഹാദേവ ക്ഷേത്രത്തിലെ ആനയാണ്. 2016ലാണ് ഗജരാജ പട്ടവും ഗിന്നസ് റെക്കോർഡും ലഭിച്ചത്.
കോന്നി ആനക്കൊട്ടിലിൽ നിന്ന് അഞ്ച് വയസ് കഴിഞ്ഞപ്പോൾ തിരുവിതാംകൂർ കൊട്ടാരത്തിലെത്തിയ ദാക്ഷായണിയെ അവിടെനിന്നാണ് ദേവസ്വം ബോർഡിന് ലഭിക്കുന്നത്. ബോർഡിനു കീഴിലെ ആറ്റിങ്ങൽ തിരുവാറാട്ടുകാവ് ക്ഷേത്രത്തിൽ നിന്നാണ് ചെങ്കള്ളൂർ മഹാദേവക്ഷേത്രത്തിൽ എത്തിച്ചത്.
തിരുവിതാംകൂർ ദേവസ്വത്തിൽ ഏറ്റവും കൂടുതൽ എഴുന്നള്ളത്ത് നടത്തിയിട്ടുള്ള ആനയായിരുന്നു . അരനൂറ്റാണ്ടിലേറെ ശംഖുംമുഖത്ത് ദേവിയെ എഴുന്നള്ളിച്ചിട്ടുണ്ട്. തമലം ത്രിവിക്രമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ടിനായി തിടമ്പെഴുന്നളിച്ച് പദ്മനാഭസ്വാമി ക്ഷേത്രത്തിലെത്തി അവിടെനിന്ന് കൂടിയാറാട്ടായി ശംഖുംമുഖത്തേക്ക് സ്ഥിരമായി എഴുന്നള്ളത്ത് നടത്തിയിരുന്നു.
ഗജരാജ പട്ടം ലഭിച്ചപ്പോൾ ദേവസ്വം ബോർഡ് ദാക്ഷായണിയെ ആദരിച്ചിരുന്നു. പോസ്റ്റൽ ഡിപ്പാർട്ട് മെന്റ് ആനയുടെ ചിത്രമുള്ള പോസ്റ്റ് കവറും ഇറക്കിയിരുന്നു.
ഇന്ന് രാവിലെ പത്തോടെ പോസ്റ്റ് മോർട്ടത്തിന് ശേഷം പാപ്പനംകോട് ദേവസ്വം വക സ്ഥലത്ത് സംസ്കാരം നടത്തും. ആനയുടെ തേറ്റ സോഷ്യൽ ഫോറസ്ട്രി വകുപ്പ് ഏറ്റുവാങ്ങുമെന്ന് സോഷ്യൽ ഫോറസ്ട്രി സി.സി.എഫ് എ.ആർ.അനി പറഞ്ഞു.