santhosh-trophy
santhosh trophy

നെയ്‌വേലി : "ഒന്നും നോക്കാനില്ല, പോണ്ടിച്ചേരിക്കെതിരെ സെമിഫൈനലും സർവീസിനെതിരെ ഫൈനലും". സന്തോഷ് ട്രോഫി ഫുട്ബാളിന്റെ ദക്ഷിണമേഖലാ യോഗ്യതാ റൗണ്ടിൽ ഇന്ന് പോണ്ടിച്ചേരിക്കെതിരെ കളിക്കാനിറങ്ങുമ്പോൾ പരിശീലകൻ വി.പി. ഷാജിയും കേരള ടീമും രണ്ടും കല്പിച്ചാണ്. കാരണം കഴിഞ്ഞ ദിവസം ആദ്യ മത്സരത്തിൽ തെലുങ്കാനയോട് ഗോൾരഹിത സമനിലയിൽ പിരിഞ്ഞതോടെ ഇനിയുള്ള രണ്ട് മത്സരങ്ങളും നിർണായകമായി മാറിക്കഴിഞ്ഞു.

നെയ്‌വേലി ഭാരതി ഫുട്ബാൾ ഗ്രൗണ്ടിൽ ഇന്ന് രാവിലെ ഒൻപത് മണിക്കാണ് കേരളവും പോണ്ടിച്ചേരിയും തമ്മിലുള്ള മത്സരം. നാലുപേരിൽനിന്ന് ഒരു ടീം മാത്രമേ ഫൈനൽ റൗണ്ടിലേക്ക് കടക്കൂ എന്നതിനാൽ കേരളത്തിന് ഇനി സമനിലയെക്കുറിച്ചുപോലും ചിന്തിക്കാനാവില്ല. എട്ടാം തീയതിയാണ് സർവീസസുമായുള്ള ഫൈനൽ മത്സരം.

ഗ്രൂപ്പിൽ കഴിഞ്ഞ ദിവസം പോണ്ടിച്ചേരിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച സർവീസാണ് പോയിന്റ് നിലയിൽ ഒന്നാമത്. കേരളം രണ്ടാം സ്ഥാനത്താണ്. സർവീസസ് ഇന്ന് തെലുങ്കാനയെ നേരിടുന്നുണ്ട്. ഈ മത്സരത്തിൽ ആര് ജയിച്ചാലും സമ്മർദ്ദമേറുന്നത് കേരളത്തിനാണ്.

ജയിക്കാൻ ഗോളടിച്ചേ പറ്റൂ

തെലുങ്കാനയ്ക്കെതിരായ ആദ്യ മത്സരത്തിൽ കേരളത്തെ സമനിലയിൽ തളച്ചത് ഫിനിഷിംഗിലെ പാളിച്ചകളാണ്.

ഗോളടിച്ചാൽ മാത്രമേ കളി ജയിക്കാനാകൂ എന്ന അടിസ്ഥാനപാഠം മറന്നു പോകുകയായിരുന്നു വി.പി. ഷാജിയുടെ ശിഷ്യർ.

പത്തോളം അവസരങ്ങളാണ് കേരളം തെലുങ്കാനയ്ക്കെതിരെ പാഴാക്കിക്കളഞ്ഞത്.

മധ്യനിരയിൽ അവസരങ്ങൾ സൃഷ്ടിക്കാനുള്ള ടീമിന്റെ കഴിവിൽ കോച്ചിന് വിശ്വാസമുണ്ട്. പക്ഷേ, മുന്നേറ്റത്തിൽ അത് മുതലാക്കാനുള്ള താരങ്ങളില്ല.

ആത്മവിശ്വാസത്തോടെ കളിക്കാൻ സ്ട്രൈക്കർമാർ തയ്യാറായാൽ തീരുന്ന പ്രൂശ്നമേ ടീമിനുള്ളൂ എന്ന് കോച്ച് കരുതുന്നു.

മുന്നേറ്റത്തിൽ സജിത് പൗലോസ്, സ്റ്റെഫിൻ തുടങ്ങിയ പരിചയസമ്പന്നരെക്കൂടി കേരളം ഇന്ന് പരീക്ഷിച്ചേക്കും.

കഴിഞ്ഞ മത്സരത്തിലെ പാഠങ്ങൾ ഉൾക്കൊണ്ടാകും ഇന്ന് കളിക്കാനിറങ്ങുക. ഗോളടിക്കുക, ജയിക്കുക എന്നതിനപ്പുറം ഒന്നുമില്ല. ഇനിയുള്ള രണ്ട് മത്സരങ്ങളും എന്തുവിലകൊടുത്തും ജയിക്കാൻ ശ്രമിക്കും. സെമിഫൈനൽ പോലെ ഗൗരവത്തിലെടുത്താണ് ഇന്ന് കളിക്കാനിറങ്ങുന്നത്.

-വി.പി. ഷാജി, കേരള കോച്ച്.